തിരുവനന്തപുരം: സ്വർണക്കടത്ത് വിവാദം സർക്കാറിൻ്റെ പ്രതിച്ഛായക്ക് കോട്ടമുണ്ടാക്കിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. കൊവിഡ് പ്രതിരോധത്തിലൂടെ സർക്കാർ കൈവരിച്ച മേന്മ സ്വർണക്കടത്ത് വിവാദം നശിപ്പിച്ചു. വിവാദത്തില്‍ കുടുങ്ങാതിരിക്കാന്‍ ജാഗ്രത കാണിക്കണമായിരുന്നെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരേയും യോഗത്തില്‍ അംഗങ്ങള്‍ വിമർശനം ഉന്നയിച്ചു.
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ വിമര്‍ശനം - cpm state secretariat
കൊവിഡ് പ്രതിരോധത്തിലൂടെ സർക്കാർ കൈവരിച്ച മേന്മ സ്വർണക്കടത്ത് വിവാദം നശിപ്പിച്ചെന്ന് സിപിഎം സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി.
ഉദ്യോഗസ്ഥ ഭരണം നിയന്ത്രിക്കുന്നതില്‍ ഫലപ്രദമായ ഇടപെടല്‍ ഉണ്ടായില്ല. മുഖ്യമന്ത്രിയുടെ മുന്‍ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിൻ്റെ നീക്കങ്ങൾ നിയന്ത്രിക്കാനോ നിരീക്ഷിക്കാനോ ഓഫീസിന് കഴിഞ്ഞില്ലെന്നും യോഗം വിമര്‍ശിച്ചു. ഇപ്പോഴത്തെ വിവാദങ്ങൾ ജാഗ്രതക്കുറവ് കൊണ്ട് ഉണ്ടായതാണ്. വിവരങ്ങൾ പാർട്ടിയെ അറിയിക്കുന്നതിലും മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവർക്ക് വീഴ്ചയുണ്ടായതായി യോഗം വിലയിരുത്തി.
ശിവശങ്കറിന്‍റെ ഭാഗത്ത് നിന്നുണ്ടായ വീഴ്‌ചകൾ മുഖ്യമന്ത്രി സെക്രട്ടേറിയറ്റ് യോഗത്തിൽ വിശദീകരിച്ചു. സ്വർണക്കടത്ത് കേസുമായി തൻ്റെ ഓഫീസിലുള്ള മറ്റാർക്കും ബന്ധമില്ലെന്നും ഉത്തരവാദി ശിവശങ്കർ മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പഴയ വിശ്വസ്‌തനെ പൂർണമായും തള്ളുന്ന നിലപാടാണ് യോഗത്തില്‍ മുഖ്യമന്ത്രി സ്വീകരിച്ചത്. ശിവശങ്കറിനോട് കരുണ കാട്ടേണ്ടെന്ന് സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. പ്രതിപക്ഷം വിഷയങ്ങള്‍ ഊതിവീര്‍പ്പിക്കുകയാണ്.വിവാദത്തില്‍ പ്രതിപക്ഷം ഉന്നയിക്കുന്ന വിമര്‍ശനങ്ങളെ രാഷ്ട്രീയമായി നേരിടും. ഇതിനായി ആഗസ്റ്റ് മാസത്തില്‍ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കാനും യോഗത്തില്‍ തീരുമാനമായി.