തിരുവനന്തപുരം :സിപിഎം നേതൃത്വത്തില്‍ ഇത്തവണ പ്രായപരിധി കര്‍ശനമായി നടപ്പാക്കുമെന്ന് പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണന്‍. പാര്‍ട്ടി കമ്മിറ്റികളിലെ പ്രായപരിധി 75 വയസ് എന്നത് നടപ്പാക്കും. 75 വയസുകഴിഞ്ഞ് കമ്മിറ്റികളില്‍ നിന്ന് ഒഴിവാക്കുന്നവരെ പാര്‍ട്ടി സംരക്ഷിക്കും.
പുതിയ ആളുകള്‍ക്ക് അവസരം നല്‍കുന്നതിനാണ് ഇത്തരമൊരു തീരുമാനം. പ്രായപരിധി കടന്നതിനാല്‍ പലരും പുറത്തുപോവേണ്ടി വരും. അലവന്‍സ്, വൈദ്യസഹായം, മറ്റ് സഹായങ്ങള്‍ എന്നിവ ഈ നേതാക്കള്‍ക്ക് പാര്‍ട്ടി ഉറപ്പുവരുത്തും.
ജില്ലാതലം മുതലുള്ള ഘടകങ്ങളിലാണ് പ്രായപരിധി കര്‍ശനമായി നടപ്പാക്കാന്‍ സിപിഎം തീരുമാനിച്ചിരിക്കുന്നത്. ഇതിലൂടെ സിപിഎം നേതൃത്വത്തില്‍ തലമുറമാറ്റം ഉറപ്പാക്കാനാണ് ശ്രമം. എല്ലാ ജില്ലാ സെക്രട്ടേറിയറ്റിലും ഒരു വനിതയെ ഉള്‍പ്പെടുത്തും.
ALSO READ:Adoption Row | അമ്മപ്പോരാട്ട വിജയം ; അനുപമക്കൈകളില്‍ കുഞ്ഞ്
ഏരിയ കമ്മിറ്റികളില്‍ 40 വയസില്‍ താഴെ രണ്ടുപേര്‍ എന്നത് നിര്‍ബന്ധമാക്കും. യുവാക്കള്‍ക്കും വനിതകള്‍ക്കും പാര്‍ട്ടി കമ്മിറ്റികളില്‍ അവസരം നല്‍കണം. ഇതിലൂടെ പുതിയ പ്രവര്‍ത്തകരെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുമെന്നാണ് സിപിഎം വിലയിരുത്തല്‍.
പ്രായപരിധി സംബന്ധിച്ച് സിപിഎം തീരുമാനമെടുത്തിരുന്നെങ്കിലും ഇത് സംബന്ധിച്ച് പരസ്യ നിലപാട് ഒരു നേതാവും എടുത്തിരുന്നില്ല. റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നെങ്കിലും പാര്‍ട്ടി നേതൃത്വം ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രതികരണങ്ങള്‍ നല്‍കിയിരുന്നില്ല. 88 അംഗങ്ങളും 8 ക്ഷണിതാക്കളും ഉള്‍പ്പടെ 96 അംഗ സംസ്ഥാന കമ്മിറ്റിയാണ് കേരളത്തിലുളളത്.
ഇതില്‍ ഏകദേശം ഇരുപതോളം പേര്‍ 75 വയസ് പിന്നിട്ടവരാണ്. മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളെല്ലാം ഈ പ്രായപരിധിക്ക് പുറത്താണ് വരുന്നത്. ചിലര്‍ക്ക് ഇളവ് കൊടുക്കാമെങ്കിലും പ്രധാനപ്പെട്ട പലരും സംസ്ഥാന സമിതിയില്‍ നിന്ന് പുറത്തുപോകാനാണ് സാധ്യത.
ഇത് കൂടാതെ സംഘടനാപ്രവര്‍ത്തനം ശക്തമാക്കാന്‍ ആവശ്യമായ നടപടി ക്രമങ്ങള്‍ ഉറപ്പുവരുത്തും. അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കലും, നിലവാരവും പ്രവര്‍ത്തന ക്ഷമതയുമുള്ളവരെ എത്തിക്കുകയുമാണ് സിപിഎം ലക്ഷ്യം.