തിരുവനന്തപുരം :അതിവേഗ റെയിൽ സംബന്ധിച്ച ഇ ശ്രീധരന്‍റെ നിർദേശത്തിൽ തിടുക്കം വേണ്ടെന്ന് സിപിഎം. ഇന്ന് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇക്കാര്യത്തിൽ ധാരണയായിരിക്കുന്നത്. അതിവേഗ എന്ന ഇടതുസർക്കാരിന്‍റെ ആശയം വീണ്ടും ചർച്ചയായതിനെ സ്വാഗതം ചെയ്യാമെന്ന നിലപാടിലാണ് സിപിഎം.
എന്നാൽ ഇ ശ്രീധരന്‍റെ നിർദേശത്തിൽ എല്ലാ വശവും പരിശോധിച്ച ശേഷം മാത്രം നടപടി മതി എന്നാണ് തീരുമാനം. അതിനാൽ ഇന്നത്തെ സെക്രട്ടേറിയറ്റ് യോഗത്തിൽ ഇതുസംബന്ധിച്ച് വിശദമായ ചർച്ച നടന്നില്ല. ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ നാളെ നടക്കുന്ന സെമിനാറിന്‍റെ ഒരുക്കങ്ങൾ സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി.
ശ്രീധരന്‍റെ നിര്‍ദേശത്തില്‍ രാഷ്‌ട്രീയ കരുതലോടെയുള്ള നീക്കമാണ് സിപിഎം ആലോചിക്കുന്നത്. നിലവില്‍ കെ.വി.തോമസിനെ ഇറക്കി ശ്രീധരനുമായി ചര്‍ച്ച നടത്തുകയും ബദല്‍ നിര്‍ദേശം മുന്നോട്ട് വയ്‌ക്കുകയും ചെയ്‌തെങ്കിലും ഇതിലെ മുന്നോട്ട് പോക്ക് രാഷ്‌ട്രീയമായി ഉണ്ടാക്കാവുന്ന മാറ്റങ്ങള്‍ സിപിഎം പരിശോധിക്കുകയാണ്. ശ്രീധരന്‍റെ നിര്‍ദേശം പുറത്തു വന്നതിനു പിന്നാലെ തന്നെ ബിജെപി സംസ്ഥാന നേതൃത്വം പദ്ധതിക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.
സിപിഎം ഭയക്കുന്നത് പദ്ധതിയോ രാഷ്‌ട്രീയ മുഖമോ : ഇത് കേന്ദ്രസര്‍ക്കാറില്‍ നിന്ന് അനുമതി ലഭിക്കുന്നതിന് അനുകൂലമാണെങ്കിലും രാഷ്‌ട്രീയമായ തിരിച്ചടി സിപിഎം ഭയക്കുന്നുണ്ട്. ഈ വിവരങ്ങള്‍ക്ക് പിന്നാലെ തന്നെ സിപിഎം ബിജെപി കൂട്ടുകെട്ടെന്ന പ്രചരണം കോണ്‍ഗ്രസ് ആരംഭിച്ചു കഴിഞ്ഞു. ഇത് തെരഞ്ഞെടുപ്പില്‍ ദോഷം ചെയ്യുമെന്നും സിപിഎം ഭയക്കുന്നുണ്ട്. ഏക സിവില്‍ കോഡിലടക്കം സെമിനാർ നടത്തി പ്രതിഷേധം സജീവമാക്കിക്കൊണ്ട് ന്യൂനപക്ഷങ്ങളെ ഒപ്പം നിര്‍ത്തി ലോക്‌സഭ തെരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് സിപിഎം.
അതിനിടയില്‍ ബിജെപി നീക്കുപോക്കെന്ന പ്രചരണം സിപിഎം ആഗ്രഹിക്കുന്നില്ല. അതാണ് പദ്ധതിയില്‍ കരുതലോടെ നീങ്ങണം എന്ന തീരുമാനത്തിലേക്ക് സിപിഎം എത്തിയിരിക്കുന്നത്. കഴിഞ്ഞ തവണ ലോക്‌സഭ തെരഞ്ഞെടുപ്പിലെ വമ്പന്‍ തോല്‍വി ഇനി ആവര്‍ത്തിക്കാന്‍ സിപിഎം ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് ഈ വിഷയങ്ങളെല്ലാം വിശദമായി ചര്‍ച്ച ചെയ്‌ത് തീരുമാനം എന്ന ധാരണയിലെത്തിയിരിക്കുന്നത്.
ഇ ശ്രീധരന്‍റെ ബദൽ പദ്ധതി : കെ റെയില്‍ കേരളത്തില്‍ നടപ്പാക്കാനാവില്ലെന്നും ബദല്‍ പദ്ധതിയായി അര്‍ധ അതിവേഗ റെയില്‍പാതയുടെ റിപ്പോര്‍ട്ടാണ് സര്‍ക്കാറിന് സമര്‍പ്പിച്ചതെന്നുമായിരുന്നു വിഷയത്തിൽ ഇ ശ്രീധരന്‍റെ പ്രതികരണം. താന്‍ നല്‍കിയ ബദല്‍ പദ്ധതി നിര്‍ദേശത്തില്‍ ഇതുവരെ സര്‍ക്കാരിന്‍റെയോ കെ വി തോമസിന്‍റെയോ മറുപടി ലഭിച്ചിട്ടില്ലെന്നും ശ്രീധരന്‍ പ്രതികരിച്ചു. ആകാശപാതയോ തുരങ്ക പാതയോ നിര്‍മിച്ചാല്‍ ഭൂമി ഏറ്റെടുക്കലിന്‍റെ പ്രശ്‌നങ്ങള്‍ കുറയ്‌ക്കാന്‍ കഴിയും.
also read :കെ റെയില്‍ നടപ്പാവില്ല; ബദലായി അർധ അതിവേഗ റെയില്‍പാതയുടെ റിപ്പോർട്ടാണ് സർക്കാറിന് സമർപ്പിച്ചതെന്ന് ഇ ശ്രീധരന്‍
തുരങ്ക പാതയാണെങ്കില്‍ ഭൂമി ഏറ്റെടുക്കേണ്ടി തന്നെ വരില്ല. ആകാശപാതയാണെങ്കില്‍ നിര്‍മാണവേളയില്‍ 20 മീറ്റര്‍ വീതിയില്‍ മാത്രം ഭൂമി ഏറ്റെടുത്താല്‍ മതിയാകുമെന്നുമായിരുന്നു ശ്രീധരന്‍റെ ബദല്‍ നിര്‍ദേശം. നിര്‍മാണം പൂര്‍ത്തിയായാല്‍ ബാക്കി ഭൂമി ഉടമസ്ഥര്‍ക്ക് തന്നെ വിട്ട് നല്‍കാനും കഴിയും. ഇത് കൃഷിക്ക് ഉള്‍പ്പെടെ ഉപയോഗിക്കാം. ഇപ്പോള്‍ നിര്‍മിക്കുന്ന അര്‍ധ അതിവേഗ റെയില്‍പാതയിലൂടെ ഭാവിയില്‍ അതിവേഗ ട്രെയിന്‍ ഓടിക്കാന്‍ കഴിയണം.
ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് കെ.വി തോമസിന് ശ്രീധരൻ റിപ്പോര്‍ട്ട് നല്‍കിയത്. അതേസമയം, സംസ്ഥാനമാവശ്യപ്പെട്ടാല്‍ താന്‍ മുന്നോട്ട് വെച്ച അര്‍ധ അതിവേഗ റെയില്‍പാത പദ്ധതിയുമായി സഹകരിക്കുമെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.