തിരുവനന്തപുരം:സിപിഎം തിരുവനന്തപുരം ജില്ല കമ്മിറ്റി ഓഫിസ് ആക്രമണത്തിൽ മൂന്ന് എബിവിപി പ്രവർത്തകർ പൊലീസ് കസ്‌റ്റഡിയില്‍. ആറ്റുകാലിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. ഇന്ന് (28-08-2022) പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് അന്വേഷണസംഘം ഇവരെ കസ്‌റ്റഡിയിലെടുത്തത്. സിസിടിടി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി.
വഞ്ചിയൂര്‍ കൗണ്‍സിലര്‍ ഗായത്രി എസ് ബാബുവിനെ കയ്യേറ്റം ചെയ്‌ത കേസിലും പ്രതികളാണ് പിടിയിലായ മൂന്ന് പേര്‍. വഞ്ചിയൂരില്‍ നടന്ന സംഘര്‍ഷത്തിന് പിന്നാലെ പ്രതികളായ മുന്ന് പേരും സ്വകര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇവിടെ നിന്ന് എത്തിയ ശേഷമാണ് പ്രതികള്‍ ജില്ല കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
ഇവര്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിരുന്നു. ഇതില്‍ പ്രതികളായ മൂന്ന് പേരും പുറത്ത് പോകുന്നത് വ്യക്തമായിട്ടുണ്ട്. കേസില്‍ 3 പ്രതികളെ കൂടി തിരിച്ചറിയാനുണ്ടെന്നും അന്വേഷണസംഘം അറിയിച്ചു.
എബിവിപി പ്രവര്‍ത്തകരെ കസ്‌റ്റഡിയിലെടുക്കാന്‍ ഇന്നലെ (27-08-2022) രാത്രിയോടെ ആശുപത്രിയിലെത്തിയ പൊലീസിനെ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കാനുള്ള ശ്രമം ആണെന്നായിരുന്നു ബിജെപിയുടെ ആരോപണം.
ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സിപിഎം തിരുവനന്തപുരം ജില്ല കമ്മിറ്റി ഓഫിസിന് നേരെ ആക്രമണം നടന്നത്. മൂന്ന് ബൈക്കുകളിലായി എത്തിയ സംഘം ഓഫിസിന് നേരെ കല്ലെറിയുകയായിരുന്നു. ആക്രമണത്തില്‍ ഓഫീസിന് മുന്നിൽ നിർത്തിയിട്ടിരുന്ന ജില്ല സെക്രട്ടറിയുടെ കാറിന് കേടുപാടുണ്ടായി.