തിരുവനന്തപുരം:കെ.എം. മാണി അഴിമതിക്കാരനെന്ന് സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ സുപ്രീം കോടതിയില്‍ നടത്തിയ പരാമര്‍ശത്തില്‍ വെട്ടിലായി സിപിഎമ്മും ജോസ് കെ. മാണിയും. വിവാദത്തില്‍ നിന്ന് മുഖം രക്ഷിക്കാനുള്ള നടപടികള്‍ ആരായാൻ ഇരുപാര്‍ട്ടികളും ഉന്നതതല യോഗം വിളിച്ചു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തിരുവനന്തപുരത്തും കേരള കോണ്‍ഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റി കോട്ടയത്തും യോഗം ചേര്‍ന്നാണ് ഭാവി നടപടികള്‍ ചര്‍ച്ച ചെയ്യുന്നത്.
വെട്ടിലായി ജോസ് കെ. മാണി
കെ.എം. മാണിക്ക് പരിശുദ്ധന്‍റെ പരിവേഷം ചാര്‍ത്തുകയും ജോസ് കെ. മാണിക്ക് എകെജി സെന്‍ററിലേക്ക് ചുവപ്പു പരവതാനി വിരിക്കുകയും ചെയ്‌ത ശേഷം രാജ്യത്തെ പരമോന്നത കോടതിയില്‍ കെ.എം. മാണി അഴിമതിക്കാരനെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ തന്നെ അറിയിച്ചത് അക്ഷരാര്‍ത്ഥത്തില്‍ ജോസ് കെ. മാണിക്കേറ്റ കനത്ത പ്രഹരമായി.
ഇതിനെതിരെ പരസ്യമായി പ്രതികരിക്കാനാകാത്ത പ്രതിസന്ധിയാണ് ജോസ് കെ. മാണിക്കുണ്ടായിരിക്കുന്നത്. വിഷയത്തിന്‍റെ രാഷ്ട്രീയ മാനം തിരിച്ചറിഞ്ഞ കോണ്‍ഗ്രസാകട്ടെ ഒരേ സമയം സിപിഎമ്മിനെയും ജോസ് കെ. മാണിയെയും പത്മവ്യൂഹത്തിലകപ്പെടുത്താനുള്ള നീക്കം തുടങ്ങിയിരിക്കുകയാണ്.
ജോസ് കെ മാണിയുടെ നിലപാടെന്ത്
അതേസമയം മാണി അഴിമതിക്കാരനല്ലെന്ന നിലപാട് തന്നെയാണ് യുഡിഎഫിന് ഇപ്പോഴും ഉള്ളതെന്ന് ആവര്‍ത്തിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല സുപ്രീം കോടതിയിലെ പരാമര്‍ശത്തില്‍ ജോസ് കെ. മാണി പ്രതികരിക്കണമെന്നാവശ്യപ്പെട്ടു. കെ. മുരളീധരനും വി.ഡി. സതീശനും ഇതേ ആവശ്യമുന്നയിച്ചു.
ആരാണ് അഴിമതി വീരൻ
എന്നാല്‍ മാണി അഴിമതിക്കാരനെന്ന് അഭിഭാഷകന്‍ പറഞ്ഞതായ വാര്‍ത്തകള്‍ ഇടതു വിരുദ്ധ മാധ്യമങ്ങളുടെ സൃഷ്ടിയാണെന്ന് വിശദീകരിച്ച് എല്‍ഡിഎഫ് കണ്‍വീനറും സിപിഎം ആക്‌ടിങ് സെക്രട്ടറിയുമായ എ. വിജയരാഘവന്‍ രംഗത്തു വന്നു. കെ.എം. മാണിക്കെതിരെയല്ല, മറിച്ച് അന്നത്തെ യുഡിഎഫ് സര്‍ക്കാരിന്‍റെ അഴിമതിക്കെതിരെയാണ് എല്‍ഡിഎഫ് രംഗത്തു വന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
എന്നാല്‍ ഈ വാദവും പ്രതിപക്ഷം തള്ളി. അങ്ങനെയെങ്കില്‍ അന്ന് നിയമസഭയിലേക്കു വന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയോ മറ്റ് മന്ത്രിമാരെയോ തടയാതെ കെ.എം. മാണിയെ മാത്രം തടഞ്ഞതെന്തിനായിരുന്നുവെന്ന് വി.ഡി. സതീശന്‍ ചോദിച്ചു. കെ.എം. മാണിയെയും കുടുംബത്തെയും അപമാനിച്ച ഈ പ്രസ്താവന പിന്‍വലിക്കണമെന്നും സതീശന്‍ കൂട്ടിച്ചേർത്തു.