തിരുവനന്തപുരം : കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ തുറന്നുകാട്ടാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ ഇന്ന് സമാപിക്കും. വൈകിട്ട് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്താണ് സമാപന സമ്മേളനം. സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സമ്മേളനം ഉദ്ഘാടനം ചെയ്യും.
അപ്രതീക്ഷിതമായിട്ടാണ് പ്രതിരോധജാഥയുടെ പ്രഖ്യാപനം നടന്നതെങ്കിലും അണികളെപ്പോലും അമ്പരപ്പിച്ചാണ് ജാഥ പുരോഗമിച്ചത്. കേന്ദ്രസര്‍ക്കാരിനെതിരായ രാഷ്ട്രീയ പ്രചാരണം, സംസ്ഥാന സര്‍ക്കാരിനെതിരായ പ്രതിപക്ഷ ആരോപണങ്ങളെ ചെറുക്കല്‍, പാര്‍ട്ടിയേയും സര്‍ക്കാരിനേയും ബാധിച്ച വിവാദങ്ങളില്‍ വിശദീകരണം നല്കല് എന്നിവയായിരുന്നു ജാഥയുടെ പ്രധാന ലക്ഷ്യങ്ങള്‍. എംവി ഗോവിന്ദനോടൊപ്പം പികെ ബിജു, സിഎസ് സുജാത, എം സ്വരാജ്, കെടി ജലീല്‍, ജെയ്ക്ക് സി തോമസ് എന്നിവരാണ് ജാഥയിലെ സ്ഥിരാംഗങ്ങള്‍. പികെ ബിജുവാണ് ജാഥ മാനേജര്‍.
വിവാദങ്ങള്‍ പ്രതിരോധത്തിലാക്കിയ ജാഥ :കാസര്‍കോട് കുമ്പളയില്‍ നിന്ന് തിരുവനന്തപുരം വരെ ഒരുമാസം നീണ്ടുനിന്ന ജാഥയ്ക്ക് നിരവധി അപ്രതീക്ഷിത വിവാദങ്ങളെ പ്രതിരോധിക്കേണ്ടി വന്നു. ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തല്‍, മുഖ്യമന്ത്രിയുടെ സുരക്ഷ, ബജറ്റിലെ അധിക നികുതി, എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്റെ അസാന്നിധ്യം തുടങ്ങിയവ ചൂടേറിയ ചര്‍ച്ചയ്ക്ക് വഴിയൊരുക്കി. പകുതി പിന്നിട്ട ശേഷമാണ് ഇപി ജയരാജന് ജാഥയില്‍ അണിചേര്‍ന്നത്.
ജാഥാംഗങ്ങളുടെ പ്രസംഗങ്ങള്‍ വിവാദങ്ങള്‍ ഉണ്ടാക്കിയില്ലെങ്കിലും ലീഡര്‍ എംവി ഗോവിന്ദന്റെ കെ റെയില്‍ പ്രസ്താവന, സുരേഷ് ഗോപിക്ക് നല്കിയ മറുപടി പോലുള്ളവ വലിയ വാര്‍ത്തയായി. ഇതിനിടെ ബ്രഹ്മപുരത്ത് തീപിടിത്തമുണ്ടായി സര്‍ക്കാര്‍ വിഷമവൃത്തത്തിലായപ്പോള്‍ ജാഥയും പ്രതിരോധത്തിലായി. ഇതിനിടെ ജാഥയ്ക്ക് ആളെക്കൂട്ടാന്‍ കണ്ണൂരിലെ പഞ്ചായത്ത് മെമ്പര്‍ ഭീഷണിപ്പെടുത്തിയതും, സ്കൂള്‍ ബസ് ജാഥയ്ക്ക് ഉപയോഗിച്ചതും, പ്രാദേശിക നേതാവ് കുട്ടനാട്ടിലെ തൊഴിലാളിളെ ഭീഷണിപ്പെടുത്തിയതും വിവാദത്തിന് തിരികൊളുത്തി.