തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്യുന്ന ഉദ്യോഗാർഥികളുമായി ചർച്ച നടത്താൻ സർക്കാരിന് സിപിഎം നിർദേശം. ആർക്കും ചർച്ചയ്ക്ക് വരാമെന്ന് മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു. സർക്കാരിന് തുറന്ന സമീപനമാണുള്ളത്. പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നത് തടയണമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ നിർദേശം ഉയർന്നു. റാങ്ക് പട്ടികയിൽ ഉള്ളവർക്ക് സമയബന്ധിതമായി നിയമനം ലഭിക്കാതിരിക്കുകയും പിൻവാതിൽ നിയമന വിവാദം സംബന്ധിച്ച് സംസ്ഥാനത്ത് വലിയ രാഷ്ട്രീയ ചർച്ചകളും പ്രതിഷേധങ്ങളും ഉയരുകയും ചെയ്ത പശ്ചാത്തലത്തിലാണ് സമരക്കാരുമായി ചർച്ച നടത്താൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് സർക്കാരിന് നിർദേശം നൽകിയത്. ഉദ്യോഗാർഥികളുടെ സമരം പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കുന്നത് നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ദോഷം ചെയ്യുമെന്ന വിലയിരുത്തലുമുണ്ട്.
പിഎസ്‌സി ഉദ്യോഗാർഥികളുമായി ചർച്ച നടത്താൻ സർക്കാരിന് സിപിഎം നിർദേശം - പിഎസ്‌സി ഉദ്യോഗാർഥികൾ
ഉദ്യോഗാർഥികളുടെ സമരം പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കുന്നത് നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ദോഷം ചെയ്യുമെന്ന വിലയിരുത്തലുമുണ്ട്.
അതേസമയം, കേരളത്തിൽ ആഴക്കടൽ മത്സ്യബന്ധനത്തിന് ഇഎംസിസി എന്ന അമേരിക്കൻ കമ്പനിയ്ക്ക് സംസ്ഥാന സർക്കാർ അനുമതി നൽകിയെന്ന പ്രതിപക്ഷ നേതാവിന്‍റെ ആരോപണത്തെ കുറിച്ച് അന്വേഷിച്ചതിന് ശേഷം മറുപടി പറയാമെന്ന് മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു. കരാർ സംബന്ധിച്ച് കമ്പനി മന്ത്രി ഇ.പി. ജയരാജന് കത്തയച്ചുവെന്ന് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. എന്നാൽ തനിക്ക് അങ്ങനെ ഒരു കത്ത് വന്നിട്ടില്ലെന്നാണ് ജയരാജന്‍റെ വിശദീകരണം. ഔദ്യോഗികമായി ധാരാളം കത്തുകൾ വന്നിട്ടുണ്ടാവാമെന്നും ഇക്കാര്യം പരിശോധിച്ചതിന് ശേഷം മറുപടി പറയാമെന്നും ഇ.പി. ജയരാജൻ പറഞ്ഞു.