തിരുവനന്തപുരം: ശബരിമലയില്‍ മുന്‍ നിലപാടില്‍ നിന്ന് മലക്കം മറിഞ്ഞ് സര്‍ക്കാരും സിപിഎമ്മും. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കില്ലെന്ന് മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും എ.കെ.ബാലനും വ്യക്തമാക്കി. ശബരിമലയില്‍ യുവതികളെ ഈ സീസണില്‍ പ്രവേശിപ്പിക്കേണ്ടെന്ന് ഇന്ന് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും തീരുമാനിച്ചു. ശബരിമലയില്‍ യുവതികള്‍ക്ക് സംരക്ഷണം നല്‍കില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ശബരിമലയില്‍ പ്രവേശിക്കാന്‍ ആഗ്രഹമുള്ള യുവതികള്‍ കോടതി ഉത്തരവുമായി വരണം. തൃപ്‌തി ദേശായിയെ പോലുള്ള ആക്‌ടിവിസ്റ്റുകള്‍ക്ക് അവരുടെ ആക്‌ടിവിസം കാട്ടാനുള്ള സ്ഥലമല്ല ശബരിമലയെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
ശബരിമലയില്‍ യുവതി പ്രവേശം അനുവദിക്കേണ്ടെന്ന് സര്‍ക്കാരും സിപിഎമ്മും
ശബരിമല വിധിയില്‍ സുപ്രീംകോടതിക്ക് പോലും വ്യക്തതയില്ലാത്ത സാഹചര്യത്തില്‍ ശബരിമലയില്‍ കാര്യങ്ങള്‍ പഴയത് പോലെ തുടരുമെന്ന് നിയമ മന്ത്രി എ.കെ.ബാലന്‍
ശബരിമല വിധിയില്‍ സുപ്രീംകോടതിക്ക് പോലും വ്യക്തതയില്ലാത്ത സാഹചര്യത്തില്‍ കാര്യങ്ങള്‍ പഴയത് പോലെ തുടരുമെന്ന് നിയമ മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു. ആദ്യം ഇക്കാര്യത്തില്‍ വ്യക്തത വരുത്തേണ്ടതുണ്ട്. ഇതിന് അനുയോജ്യമായ വ്യക്തിയില്‍ നിന്ന് നിയമോപദേശം വാങ്ങും. മാന്തിപ്പുണ്ണാക്കാന്‍ ആരും ശ്രമിക്കരുതെന്നും ഭക്തരെ സര്‍ക്കാരിനെതിരെ തിരിക്കാനുള്ള ശ്രമം ഇത്തവണ നടക്കില്ലെന്നും മന്ത്രി എ.കെ.ബാലൻ പറഞ്ഞു.
ഇതേതീരുമാനം തന്നെയാണ് മുഖ്യമന്ത്രി കൂടി പങ്കെടുത്ത സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും ഇന്ന് കൈക്കൊണ്ടത്. സുപ്രീംകോടതി വിധിയില്‍ വ്യക്തത വരുംവരെ ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കേണ്ടതില്ലെന്നാണ് സെക്രട്ടേറിയറ്റിന്‍റെ തീരുമാനം. കഴിഞ്ഞ തവണ സുപ്രീംകോടതി വിധിയുടെ മറവില്‍ ആക്‌ടിവിസ്റ്റുകളെ ശബരിമലയില്‍ പൊലീസ് സംരക്ഷണത്തില്‍ കയറാന്‍ അനുവദിച്ചുവെന്ന ആരോപണം നേരിടുന്ന സാഹചര്യത്തില്‍ കൂടിയാണ് പാര്‍ട്ടിയും സര്‍ക്കാരും ശബരിമല വിഷയത്തില്‍ മലക്കം മറിഞ്ഞത്.