തിരുവനന്തപുരം :കരുവന്നൂര്‍ സഹകരണ ബാങ്കിലുണ്ടായ (Karuvannur Bank Scam) തിരിമറിയിലടക്കം സിപിഎം (CPIM) നേതാക്കള്‍ പ്രതിക്കൂട്ടിലാകുന്ന സാഹചര്യത്തില്‍ സഹകാരികളെ നേരിട്ട് കണ്ട് വിശദീകരണം നല്‍കാന്‍ പാര്‍ട്ടി നേതൃത്വത്തിന്‍റെ നിര്‍ദേശം. സിപിഎമ്മിന്‍റെ ഭരണ സമിതിയുള്ള സഹകരണ സംഘങ്ങളുടെ പ്രസിഡന്‍റുമാരും ബോര്‍ഡ് അംഗങ്ങളും അതാത് സഹകരണ സംഘങ്ങളുടെ അംഗങ്ങളെ നേരിട്ട് കണ്ട് വിശദീകരണം നല്‍കാനാണ് സംസ്ഥാന നേതൃത്വത്തിന്‍റെ നിര്‍ദേശം. സംസ്ഥാന വ്യാപകമായി സിപിഎം ഭരണ സമിതിയുള്ള എല്ലാ ബാങ്കുകളുടെയും സഹകരണ സംഘങ്ങളുടെയും ഭരണ സമിതി അംഗങ്ങളും സഹകാരികളെ നേരിട്ട് കണ്ട് അതാത് സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനം വിശദീകരിക്കാനാണ് നിര്‍ദേശം.
ചൊവ്വാഴ്‌ച(03.10.2023) മുതല്‍ വീടുകള്‍ കയറി ബോധവത്കരണ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് സിപിഎം ഭരണ സമിതി നേതൃത്വം നല്‍കുന്ന കടകംപള്ളി സര്‍വീസ് സഹകരണ ബാങ്ക്, കുമാരപുരം സര്‍വീസ് സഹകരണ ബാങ്ക്, ഉള്ളൂര്‍ സര്‍വീസ് സഹകരണ ബാങ്ക് എന്നിവയുടെ ഭരണ സമിതി അംഗങ്ങള്‍ പ്രസിഡന്‍റുമാരുടെ നേതൃത്വത്തില്‍ സഹകാരികളുടെ വീടുകളില്‍ സന്ദര്‍ശനം നടത്തി ബോധവത്കരണ ക്യാമ്പയിന് തുടക്കം കുറിച്ചു. സംസ്ഥാനത്തെ എല്ലാ സഹകരണ സംഘങ്ങളിലും ചൊവ്വാഴ്‌ച ബോധവത്കരണ ക്യാമ്പയിന്‍ നടത്താന്‍ സിപിഎം നേതൃത്വം നിര്‍ദേശം നല്‍കിയിരുന്നു.
എന്നാല്‍, രാവിലെ മുതല്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയായതിനാല്‍ ഇന്ന് പലയിടങ്ങളിലും ക്യാമ്പയിന്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. അതാത് സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്നതിനോടൊപ്പം സഹകരണ മേഖലയാകെ കുത്തഴിഞ്ഞ അവസ്ഥയിലാണെന്ന തരത്തിലുള്ള പ്രചരണത്തെ നേരിടാനുള്ള വാദങ്ങളും ജനങ്ങളിലേക്ക് എത്തിക്കാന്‍ ഉദ്ദേശിച്ചാണ് പാര്‍ട്ടി നീക്കം.