തിരുവനന്തപുരം:സംസ്ഥാന സര്‍ക്കാറിന് മേല്‍ സാമ്പത്തിക ഉപരോധം തീര്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടികളില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി സമരം പ്രഖ്യാപിച്ച് സിപിഎം. സെപ്‌റ്റംബര്‍ 11 മുതല്‍ ഒരാഴ്‌ച ദേശവ്യാപകമായി സമരം നടത്താനാണ് സിപിഎം കേന്ദ്ര കമ്മിറ്റി തീരുമാനിച്ചിട്ടുള്ളതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ അറിയിച്ചു. സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര സര്‍ക്കാറിന്‍റെ സാമ്പത്തിക നയങ്ങള്‍ക്കെതിരെയും യുഡിഎഫിന്‍റെ നിലപാടുകള്‍ക്കെതിരെയുമാണ് സമരം പ്രഖ്യാപിച്ചതെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാറും കേരളത്തിലെ പ്രതിപക്ഷവും തങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളെ പരിഹരിക്കാന്‍ നടപടിയെടുക്കുന്നില്ലെന്നും പകരം സിപിഎമ്മിനെ കുറ്റപ്പെടുത്തുകയാണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. ഇത് രാഷ്‌ട്രീയ തന്ത്രമാണെന്നും കേരളത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടാനുള്ള ശ്രമമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ജിഎസ്‌ടി നഷ്‌ടപരിഹാരം നിര്‍ത്തലാക്കല്‍, കേന്ദ്ര നികുതിയില്‍ നിന്നുള്ള സംസ്ഥാനത്തിന്‍റെ വിഹിതം വെട്ടി കുറയ്‌ക്കല്‍ തുടങ്ങിയ കേന്ദ്ര നടപടികള്‍ സംസ്ഥാന സര്‍ക്കാറിനെ കൂടുതല്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണ്. ഇത്തരം കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ക്കെതിരെയുള്ള പോരാട്ടമാണ് സമരമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനം നേരിടുന്ന വിലക്കയറ്റം തൊഴിലില്ലായ്‌മ തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാറിന്‍റെയോ പ്രതിപക്ഷത്തിന്‍റെയോ ഭാഗത്ത് നിന്ന് യാതൊരുവിധ സഹായവും ലഭിച്ചിട്ടില്ലെന്നും മറിച്ച് സര്‍ക്കാറിനെ കുറ്റപ്പെടുത്താനാണ് ശ്രമമുണ്ടായതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാറിന്‍റെ നടപടികള്‍ കേരളത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണ്. ഇക്കാര്യം കേരളത്തില്‍ ഗൗരവകരമായി ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നതിന്‍റെ തോത് അനുസരിച്ചുള്ള ആളോഹരി വരുമാനം കേരളത്തിന് ലഭിക്കുന്നില്ല.
കേന്ദ്രത്തിന്‍റെ ചില നയങ്ങള്‍ കാരണം കേരളം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാറും പ്രതിപക്ഷവും തീരുമാനിച്ചിരുന്നുവെന്നും എന്നാല്‍ പറഞ്ഞ തിയതിയില്‍ പ്രതിപക്ഷം സ്ഥലത്തെത്തിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുന്‍കൂട്ടി നിശ്ചയിച്ച കൂടിക്കാഴ്‌ചയില്‍ നിന്നും പ്രതിപക്ഷം പിന്മാറി. പ്രതിപക്ഷം സ്ഥലത്തെത്തിയില്ലെങ്കിലും നേരത്തെ തയ്യാറാക്കിയ മെമ്മോറാണ്ടം എല്‍ഡിഎഫ് എംഎല്‍എമാര്‍ കേന്ദ്ര മന്ത്രിക്ക് മുമ്പില്‍ സമര്‍പ്പിച്ചു.
ഓണസീസണില്‍ പ്രതിസന്ധിയുണ്ടാകില്ല:നിലവില്‍ ഓണ സീസണില്‍ സംസ്ഥാനത്ത് പ്രതിസന്ധി നേരിടേണ്ടി വരില്ലെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു. 30 ശതമാനം വിലക്കുറവില്‍ അവശ്യ സാധനങ്ങള്‍ ലഭ്യമാക്കും. അതിനുള്ള സാമ്പത്തിക സഹായം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.