തിരുവനന്തപുരം: മന്ത്രിമാരെ നിശ്ചയിക്കുന്നതിനുള്ള സി.പി.ഐ എക്‌സിക്യൂട്ടീവ് യോഗം ഈ മാസം 17ന് പാര്‍ട്ടി ആസ്ഥാനമായ എം.എന്‍ സ്‌മാരകത്തില്‍ നടക്കും. ഒല്ലൂരില്‍ നിന്നു വിജയിച്ച എന്‍. രാജന്‍, ചേര്‍ത്തലയില്‍ നിന്ന് വിജയിച്ച പി. പ്രസാദ് എന്നിവര്‍ മന്ത്രിസ്ഥാനം ഉറപ്പിച്ചു. ഇവരിലൊരാള്‍ സി.പി.ഐ പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡറാകും. പുനലൂരില്‍ നിന്ന് വിജയിച്ച പി.എസ് സുപാലിനെയും മന്ത്രി സ്ഥാനത്തേക്കു പരിഗണിക്കുന്നുണ്ട്. സുപാല്‍ അല്ലെങ്കില്‍ ചടയമംഗലത്തു നിന്നു വിജയിച്ച ചിഞ്ചുറാണി മന്ത്രിയാകും.
Also Read:സിപിഐ മന്ത്രിമാരുടെ എണ്ണത്തിൽ കുറവുണ്ടാകില്ല; കാനം രാജേന്ദ്രൻ
നെടുമങ്ങാട് നിന്ന് വിജയിച്ച ജി.ആര്‍. അനിലിനും സാധ്യതയുണ്ട്. ഡെപ്യൂട്ടി സ്‌പീക്കര്‍ സ്ഥാനത്തേക്ക് മാവേലിക്കരയില്‍ നിന്നുള്ള ചിറ്റയം ഗോപകുമാറിനാണ് പ്രഥമ പരിഗണന. നിലവില്‍ റവന്യൂമന്ത്രിയായ ഇ.ചന്ദ്രശേഖരന്‍ വിജയിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിനെ വീണ്ടും മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കില്ല. ഒരു തവണയില്‍ കൂടുതല്‍ മന്ത്രിസ്ഥാനമില്ലെന്ന മാനദണ്ഡത്തിലാണ് ആദ്യ പിണറായി മന്ത്രിസഭയില്‍ നിന്ന് സി.ദിവാകരനെയും മുല്ലക്കര രത്‌നാകരനെയും സി.പി.ഐ ഒഴിവാക്കിയത്. ഈ മാനദണ്ഡം നിലനില്‍ക്കുമ്പോള്‍ ഇ.ചന്ദ്രശേഖരനു മാത്രം പ്രത്യേക പരിഗണനയെന്നത് പാര്‍ട്ടിക്കുള്ളില്‍ വലിയ വിമര്‍ശനത്തിനിടയാക്കും.
ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി വീണ്ടും വിജയിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിനും ഇനി അവസരം ഉണ്ടാകില്ല. കഴിഞ്ഞ തവണ നാല് മന്ത്രി സ്ഥാനവും ഒരു ഡെപ്യൂട്ടി സ്പീക്കര്‍ പദവിയും കാബിനറ്റ് പദവിയുള്ള ഒരു ചീഫ് വിപ്പ് സ്ഥാനവും ലഭിച്ചിരുന്നു. എന്നാല്‍ എല്‍.ഡി.എഫില്‍ കൂടുതല്‍ ഘടകകക്ഷികള്‍ മന്ത്രി സ്ഥാനം ആവശ്യപ്പെടുന്ന സാഹചര്യത്തില്‍ ചീഫ് വിപ്പ് സ്ഥാനം സി.പി.ഐ ഉപേക്ഷിച്ചേക്കും എന്നാണ് സൂചന.