തിരുവനന്തപുരം: സി.പി.ഐ നിർവാഹക സമിതിയോഗങ്ങൾക്ക് ഇന്ന് തുടക്കം. സർക്കാറിനെതിരെ വിവാദങ്ങളും ആരോപണങ്ങളും രൂക്ഷമാകുന്ന സാഹചര്യത്തിലാണ് സി.പി.ഐയുടെ നേതൃയോഗം ചേരുന്നത്. ഇന്നും നാളെയുമായാണ് യോഗം ചേരുക. വിവാദങ്ങളും തദ്ദേശ തെരഞ്ഞെടുപ്പും ഇടതുമുന്നണി വിപുലീകരണവും സി.പി.ഐ നിർവാഹകസമതി ചർച്ച ചെയ്യും.
സി.പി.ഐ നിർവാഹക സമിതിയോഗങ്ങൾക്ക് ഇന്ന് തുടക്കം
വിവാദങ്ങളും തദ്ദേശ തെരഞ്ഞെടുപ്പും ഇടതുമുന്നണി വിപുലീകരണവും സി.പി.ഐ നിർവാഹകസമതി ചർച്ച ചെയ്യും. കേരള കോൺഗ്രസ് ജോസ്.കെ.മാണി വിഭാഗത്തെ കൂടി ഉൾപ്പെടുത്തി മുന്നണി വിപുലീകരിക്കുന്നതിനുള്ള സി.പി.എം നീക്കവും യോഗത്തിൽ ചർച്ചയാകും.
സ്വർണക്കടത്ത്, കെ.ടി ജലീൽ വിവാദം തുടങ്ങിയവയിൽ സംസ്ഥാന സർക്കാരിനെ സംരക്ഷിക്കുന്ന നിലപാടാണ് ഇതുവരെ സി.പി.ഐ സ്വീകരിച്ചു വന്നത്. ഈ വിവാദങ്ങൾ വിശദമായി പാർട്ടി യോഗം പരിശോധിക്കും. കേരള കോൺഗ്രസ് ജോസ്.കെ.മാണി വിഭാഗത്തെക്കൂടി ഉൾപ്പെടുത്തി മുന്നണി വിപുലീകരിക്കുന്നതിനുള്ള സി.പി.എം നീക്കവും യോഗത്തിൽ ചർച്ചയാകും. സി.പി.ഐക്ക് ഇക്കാര്യത്തിൽ എതിർപ്പുണ്ട്. എന്നാൽ സി.പി.എമ്മും മുന്നണിയിലെ മറ്റു ഘടകകക്ഷികളും ഇക്കാര്യത്തിൽ സി.പി.ഐയെ സമ്മർദത്തിലാക്കുന്നുണ്ട്. ഇക്കാര്യത്തിൽ സി.പി.ഐ നേതൃയോഗം അന്തിമ തീരുമാനമെടുക്കും.
ഭൂപരിഷ്‌കരണ നിയമഭേദഗതിയുമായി ബന്ധപ്പെട്ട വിഷയങ്ങളും യോഗം പരിഗണിക്കും. തോട്ടങ്ങളിൽ ഫലവൃക്ഷങ്ങൾ കൂടി കൃഷിചെയ്യാനുള്ള മന്ത്രി വി.എസ് സുനിൽകുമാറിൻ്റെ നിർദേശമാണ് യോഗം ചർച്ച ചെയ്യുന്നത്. നിലവിൽ 15 ഏക്കറിൽ കൂടുതലുള്ള തോട്ടത്തിൽ പഴം പച്ചക്കറി എന്നിവ കൃഷിചെയ്‌താൽ തോട്ടം എന്ന പരിരക്ഷ ഇല്ലാതാകും. ഇത് ഭേദഗതി ചെയ്യാനാണ് സി.പി.എം നീക്കം. ഇപ്പോഴത്തെ വിവാദങ്ങളിലും ആരോപണങ്ങളിലും സി.പി.ഐക്കുള്ളിൽ കടുത്ത എതിർപ്പുള്ള നേതാക്കളുണ്ട്. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ മുന്നണിക്കുള്ളിൽ കലാപം വേണ്ട എന്ന സമവായത്തിനാകും അംഗീകാരം ലഭിക്കുക.