തിരുവനന്തപുരം:ലോകായുക്ത നിയമ ഭേദഗതി നിയമസഭയില്‍ വരാനിരിക്കെ വിശദമായ ചര്‍ച്ച വേണമെന്ന് സിപിഐ. സഭയില്‍ അവതരിപ്പിക്കുന്ന ബില്ല് തയ്യാറാക്കും മുന്‍പ് ചര്‍ച്ച നടത്താന്‍ സിപിഎം നേതൃത്വത്തോട് ആവശ്യപ്പെടും. ഓഗസ്റ്റ് 22 മുതല്‍ നിയമനിര്‍മാണത്തിനായി പ്രത്യേക നിയമസഭ സമ്മേളനം ചേരാനിരിക്കെയാണ് സിപിഐ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിടാന്‍ വിസമ്മതിച്ചതോടെ റദ്ദായ ഓര്‍ഡിനന്‍സുകളില്‍ വിവാദമായ ലോകായുക്ത നിയമ ഭേദഗതിയും ഉള്‍പ്പെട്ടിരുന്നു. തുടര്‍ന്നാണ് ബില്‍ പാസാക്കാന്‍ പ്രത്യേക സമ്മേളനം ചേരണമെന്ന് തീരുമാനിച്ചത്. അഴിമതി നിരോധന സംവിധാനമായ ലോകായുക്തയുടെ അധികാരം പരിമിതപ്പെടുത്തുന്നതാണ് ഭേദഗതി.
ഭേദഗതിക്കെതിരെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നേരത്തെ വിമര്‍ശനം ഉന്നയിച്ചിരുന്നു. തുടര്‍ന്ന് മന്ത്രി സഭ യോഗത്തില്‍ സി.പി.ഐ മന്ത്രിമാര്‍ ഭേദഗതിയോടുള്ള വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ക്യാബിനറ്റിന്‍റെ കുറിപ്പ് കൈവശമുണ്ടായിരുന്നിട്ടും അഭിപ്രായ വ്യത്യാസം മന്ത്രിസഭ യോഗത്തില്‍ പറയാതെ പുറത്ത് പരസ്യ വിമര്‍ശനം നടത്തിയതിനെ മുഖ്യമന്ത്രിയും വിമര്‍ശിച്ചത് സി.പി.ഐയ്ക്കും നാണക്കേടായി.
രാഷ്ട്രീയ ചര്‍ച്ച വേണമെന്ന സി.പി.ഐ മന്ത്രിമാരുടെ ആവശ്യത്തോട് ബില്‍ ഉടന്‍ സഭയില്‍ വരുന്നില്ലല്ലോയെന്നായിരുന്നു അന്ന് മുഖ്യമന്ത്രിയുടെ മറുപടി. ഇപ്പോള്‍ അവിചാരിതമായിട്ടാണെങ്കിലും ബില്ല് സഭയിലെത്തുന്ന സാഹചര്യത്തിലാണ് വിശദമായ ചര്‍ച്ച വേണമെന്ന ആവശ്യവുമായി സി.പി.ഐ എത്തിയത്.
also read:നിലപാടിലുറച്ച് ഗവർണർ: പ്രത്യേക നിയമസഭ സമ്മേളനം ഓഗസ്റ്റ് 22 മുതല്‍