സംസ്ഥാന സർക്കാരിനെ വിമര്‍ശിച്ച് സിപിഐ മുഖപത്രത്തില്‍ ലേഖനം - kerala governmen
കടലാസ് പദ്ധതികളുമായി വരുന്ന ആധുനിക മാരീചന്മാരെ ഇടത് പക്ഷം തിരിച്ചറിയണമെന്ന് സിപിഐ മുഖപത്രമായ ജനയുഗത്തില്‍ ലേഖനം
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ. കടലാസ് പദ്ധതികളുമായി വരുന്ന ആധുനിക മാരീചന്മാരെ ഇടത് പക്ഷം തിരിച്ചറിയണമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ലെന്നും സിപിഐ മുഖപത്രമായ ജനയുഗത്തില്‍ സിപിഐ അസിസ്റ്റൻ്റ് സെക്രട്ടറി പ്രകാശ് ബാബു എഴുതിയ " ഇടതുപക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുക " എന്ന ലേഖനത്തില്‍ വ്യക്തമാക്കി. മന്ത്രി കെ.ടി ജലീലിനെതിരെ പേരെടുത്ത് പറയാതെയും ലേഖനത്തിൽ വിമർശനമുണ്ട്. വിദേശ കോൺസുലേറ്റ് ഓഫീസുകളുമായി ബന്ധപ്പെടുന്നതിന് രാജ്യത്ത് വ്യക്തമായ നിയമങ്ങളും ചട്ടങ്ങളുമുണ്ട്. അത് ചിലർ ദുരുപയോഗം ചെയ്യാൻ ശ്രമിക്കുന്നു. ഇക്കാര്യം അന്വേഷിക്കണമെന്നുമാണ് ലേഖനത്തില്‍ എഴുതിയിരിക്കുന്നത്. സംസ്ഥാനത്ത് പിഡബ്ല്യുസി, കെപിഎംജി ഉള്‍പ്പെടെ നല്‍പ്പത്തഞ്ചോളം കണ്‍സള്‍ട്ടന്‍സി ഏജന്‍സികളുണ്ട്. ഇത്തരം ഏജന്‍സികളുടെ ചൂഷണം സര്‍ക്കാര്‍ ഒഴിവാക്കണം. പരസ്യ ടെണ്ടർ ഇല്ലാതെ സർക്കാർ-അർധ സർക്കാർ-സഹകരണ സ്ഥാപന പദവികൾ ഉപയോഗിച്ച് കോടികളുടെ കരാർ നേടുകയും അത് വൻകിട - ചെറുകിടക്കാർക്ക് മറിച്ച് കൊടുത്ത് കമ്മിഷൻ വാങ്ങിച്ചു മാത്രം പ്രവർത്തിക്കുന്ന ചില സ്ഥാപനങ്ങളുമുണ്ട്. ഇതെല്ലാം ഒഴിവാക്കേണ്ടതാണ്. മാഫിയകളും ലോബികളും ഇടത് പ്രകടന പത്രികയ്ക്ക് അന്യമാണെന്നും ലേഖനത്തിൽ പറയുന്നു.