സംസ്ഥാനത്ത് പത്ത് പേർക്ക് കൂടി കൊവിഡ് - kerala covid updates
16:46 May 13
ഇന്ന് ഒരാൾക്ക് രോഗമുക്തി
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വർധന. പത്ത് പേർക്ക് കൂടി കേരളത്തില്‍ കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ മൂന്ന് പേർക്കും വയനാട്, പാലക്കാട് ജില്ലകളില്‍ നിന്നുള്ള രണ്ട് പേര്‍ക്കും കോട്ടയം, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ നാല് പേർ കഴിഞ്ഞ ദിവസം വിദേശത്ത് നിന്നും രണ്ട് പേർ ചെന്നൈയില്‍ നിന്നും വന്നവരാണ്. നാല് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗമുണ്ടായത്. രണ്ട് പേർക്ക് രോഗമുണ്ടായത് ചെന്നൈയില്‍ നിന്നെത്തിയ ട്രക്ക് ഡ്രൈവറിലൂടെയാണ്. മലപ്പുറം വയനാട് ജില്ലകളില്‍ രോഗം സ്ഥിരീകരിച്ച രണ്ട് പേർ വയനാട്ടില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരാണ്. ഇവർക്ക് ട്രക്ക് ഡ്രൈവറിലൂടെയാണ് രോഗം പടർന്നത്. ഇതോടെ ട്രക്ക് ഡ്രൈവറിലൂടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം പത്തായി. കൊല്ലം ജില്ലയില്‍ ചികിത്സയിലുണ്ടായിരുന്ന ആളുടെ ഫലം നെഗറ്റീവായി. നിലവില്‍ 41 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്. സംസ്ഥാനത്ത് 490 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 34,447 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 33,953 പേര്‍ വീടുകളിലും, 494 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ ഉള്ളത്. 168 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംസ്ഥാനത്ത് ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടില്ല. 34 ഹോട്ട് സ്‌പോട്ടുകളാണ് നിലവിലുള്ളത്.