തിരുവനന്തപുരം:കൊവിഡ് വ്യാപനം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക് കടന്ന് സംസ്ഥാന സര്‍ക്കാര്‍. കൊല്ലം ജില്ലയിലെ ഹാര്‍ബറുകളുടേയും അനുബന്ധ ലേല ഹാളുകളുടേയും പ്രവര്‍ത്തനം നിരോധിച്ചു. നടത്തം, ഓട്ടം മറ്റ് വ്യായാമ മുറകള്‍ക്കും കായിക വിനോദങ്ങള്‍ക്കും പൊതുസ്ഥലങ്ങള്‍ ഉപയോഗിക്കുന്നത് കര്‍ശനമായി ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. ഇത്തരം വ്യായാമമുറകള്‍ക്ക് വീടും വീട്ടുപരിസരവും ഉപയോഗിക്കുകയാണ് വേണ്ടത്.
പൊതുസ്ഥലങ്ങളില്‍ പോകുന്നവര്‍ രണ്ട് മാസ്‌ക് ധരിക്കണമെന്ന് നേരത്തേ തന്നെ നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ പലരും ഇത് പാലിക്കുന്നതായി കാണുന്നില്ല. സ്വന്തം ആരോഗ്യം സംരക്ഷിക്കുന്നതിനും മറ്റുളളവരിലേക്ക് രോഗം പടരുന്നത് തടയാനുമാണ് ഇത്തരം നിര്‍ദേശങ്ങള്‍ നല്‍കുന്നത്. അത് കൃത്യമായി പാലിക്കണമെന്നാണ് പൊതുജനങ്ങളോട് അഭ്യര്‍ഥിക്കാനുളളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. രണ്ട് മാസ്‌ക് ഉപയോഗിക്കുന്നവര്‍ ആദ്യം സര്‍ജിക്കല്‍ മാസ്‌കും പുറമെ തുണി മാസ്‌കുമാണ് ധരിക്കേണ്ടത്. അല്ലെങ്കില്‍ എന്‍-95 മാസ്‌ക് ഉപയോഗിക്കണം.