തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ശനി, ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ. ഈ ദിവസങ്ങളിൽ അവശ്യ സർവീസുകൾ മാത്രം അനുവദിക്കും. എന്നാൽ അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും എല്ലാവരും നിയന്ത്രണങ്ങളോട് സഹകരിക്കണമെന്നും പൊലീസ് അറിയിച്ചു.
പരമാവധി വീടുകളില്‍ തന്നെ കഴിയണമെന്ന് തന്നെയാണ് നിർദേശം. അവശ്യ സര്‍വീസ് വിഭാഗത്തില്‍പ്പെട്ടവര്‍ ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്ക് പുറത്തിറങ്ങുമ്പോള്‍ ഐഡി കാര്‍ഡ് കൈവശം വയ്‌ക്കണം. അവശ്യ സാധനങ്ങളുള്ള വ്യാപാര സ്ഥാപനങ്ങള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാം. മുന്‍ നിശ്ചയിച്ച കല്യാണം ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ കൊവിഡ് മാനദണ്ഡ പ്രകാരം നടത്താം. മറ്റ് അത്യാവശ്യ യാത്ര ചെയ്യുന്ന പൊതുജനങ്ങള്‍ മതിയായ കാരണം ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
എല്ലാ ദിവസങ്ങളിലും നിരീക്ഷണവും പരിശോധനയും കര്‍ശനമായി നടപ്പിലാക്കുമെന്നും പൊതുജനങ്ങള്‍ക്ക് അവശ്യ സേവനങ്ങള്‍ ലഭ്യമാക്കുന്നതില്‍ യാതൊരു തടസവുമില്ലെന്ന് ഉറപ്പു വരുത്തുമെന്നും തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി കെ.സജ്ഞയ് കുമാര്‍ ഐ.പി.എസ് വ്യക്തമാക്കി.
നിയന്ത്രണത്തിന്‍റെ ഭാഗമായി നടപ്പിലാക്കുന്ന കാര്യങ്ങള്‍
- ശനി, ഞായര്‍ ദിവസങ്ങില്‍ പൂര്‍ണ നിയന്ത്രണം.
- ജോലിക്ക് പോകുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ കാണിക്കണം.
- ശനിയും ഞായറും അവശ്യ സേവനങ്ങള്‍ മാത്രമേ സംസ്ഥാനത്ത് അനുവദിക്കുകയുള്ളൂ
- സര്‍ക്കാര്‍, പൊതുമേഖലാ, സഹകരണ സ്ഥാപനങ്ങള്‍ക്ക് നാളെ അവധിയാണ്
- പലചരക്ക്, പച്ചക്കറി, പഴങ്ങള്‍, മത്സ്യം, മാംസം തുടങ്ങിയവ വില്‍ക്കുന്ന കടകള്‍ മാത്രമേ പ്രവര്‍ത്തിക്കൂ.
- റസ്‌റ്റോറന്‍റിൽ ഭക്ഷണം വിളമ്പുന്നത് അനുവദിക്കില്ല. രാത്രി ഒൻപത് മണി വരെ പാഴ്‌സല്‍ അനുവദിക്കും.
- ദീര്‍ഘദൂര ബസ്, ട്രെയിന്‍, വിമാന യാത്രാ സേവനങ്ങള്‍ തടസപ്പെടില്ല. പൊതുഗതാഗത, ചരക്ക് വാഹനങ്ങള്‍ ഉണ്ടാകും.
- ബസ്, ട്രെയിന്‍, എയര്‍ ട്രാവല്‍ യാത്രക്കാരുമായി പോകുന്ന സ്വകാര്യ വാഹനങ്ങള്‍ക്കും ടാക്‌സികള്‍ക്കും വിലക്കില്ല. അവര്‍ യാത്രാ രേഖകള്‍ കാണിക്കണം.
- മുന്‍കൂട്ടി ക്രമീകരിച്ച കല്യാണം, പാല് കാച്ചൽ തുടങ്ങിയ ചടങ്ങുകളില്‍ പരമാവധി 75 പേര്‍ക്ക് പങ്കെടുക്കാം. ഇതിനായി കൊവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്‌റ്റര്‍ ചെയ്യണം.
- അവശ്യ സേവനങ്ങളുള്ള കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ഒഫിസുകള്‍ പ്രവര്‍ത്തിക്കും. അവിടെ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് സഞ്ചരിക്കാം.
- ഒരു ദിവസം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വ്യവസായങ്ങളും കമ്പനികളും അവശ്യ സേവനങ്ങളും നിരോധിച്ചിട്ടില്ല. അവിടെയുള്ള ജീവനക്കാര്‍ക്ക് അവരുടെ തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ച് യാത്ര ചെയ്യാം.
- ടെലികോം സേവനങ്ങൾക്കും ഇന്‍റര്‍നെറ്റ് സേവന ജീവനക്കാർക്കും നിരോധനമില്ല. ഐടി കമ്പനികളില്‍ അത്യാവശ്യ ജീവനക്കാരെ മാത്രമേ ഒഫിസിലേക്ക് വരാന്‍ അനുവാദമുള്ളൂ.
- അടിയന്തര യാത്രക്കാര്‍, രോഗികള്‍, പ്രതിരോധ കുത്തിവയ്‌പ് എടുക്കാന്‍ പോകുന്നവർ തുടങ്ങിയവർ തിരിച്ചറിയല്‍ രേഖകള്‍ കാണിക്കണം. തെരഞ്ഞെടുപ്പ്, പരീക്ഷ, കൊവിഡ് അനുബന്ധ ചുമതലകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ തുടങ്ങിയവർക്ക് യാത്രാ വിലക്ക് ഇല്ല.
- രാത്രി കാര്‍ഫ്യൂ കര്‍ശനമായിരിക്കും. റമദാൻ നോമ്പു ഭക്ഷണത്തിനുള്ള ലഭ്യത ജില്ലാതലത്തില്‍ ഒരുക്കും. റമദാൻ നോമ്പിന്‍റെ ഭാഗമായി, കൊവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് രാത്രി ഒൻപത് മണിക്ക് ശേഷം പ്രാര്‍ത്ഥന ചടങ്ങുകള്‍ നടത്താം.
- രാത്രി 7.30നകം കടകൾ അടച്ചിരിക്കണം.
- ഒരാള്‍ മാത്രം കാറില്‍ യാത്ര ചെയ്‌താലും മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധം.