തിരുവനന്തപുരം:കൊവിഡ് സുരക്ഷയുടെ ഭാഗമായി കെഎസ്ആർടിസി ബസുകളിൽ ഡ്രൈവർമാർക്ക് പ്രത്യേക ക്യാബിൻ നിർമാണം ആരംഭിച്ചു. തിരുവനന്തപുരം പാപ്പനംകോട് സെൻട്രൽ വർക്ക് ഷോപ്പ് ഉൾപ്പെടെ അഞ്ചിടങ്ങളിലാണ് പ്രത്യേക ക്യാബിൻ നിർമിക്കുന്നത്. റെയിൽവേ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും സർവീസ് നടത്തുന്ന 300 ബസുകളിലാണ് ആദ്യഘട്ടത്തിൽ പ്രത്യേക ക്യാബിൻ നിർമിക്കുന്നത്.
കൊവിഡ് സുരക്ഷ; കെഎസ്ആർടിസി ഡ്രൈവർമാർക്ക് ബസിൽ പ്രത്യേക ക്യാബിൻ - കെഎസ്ആർടിസി
കണ്ണൂരിലെയും പാപ്പനംകോട്ടേയും രണ്ട് ഡ്രൈവർമാർക്ക് കൊവിഡ് ബാധിച്ച സാഹചര്യത്തിലാണ് കെഎസ്ആർടിസി ജീവനക്കാരുടെ സുരക്ഷ വർധിപ്പിക്കാൻ തീരുമാനിച്ചത്.
പാപ്പനംകോട് സെൻട്രൽ വർക്ക് ഷോപ്പിൽ 125 ബസുകളിലാണ് പ്രത്യേക ക്യാബിൻ നിർമിക്കുന്നത്. ആലുവ, ഇടപ്പാൾ, കോഴിക്കോട്, മാവേലിക്കര എന്നീ വർക്ക് ഷോപ്പുകളിലും നിർമാണം ആരംഭിച്ചു. പോളിത്തീൻ ഷീറ്റും പൈപ്പും ഉപയോഗിച്ചുള്ള ക്യാബിൻ നിർമാണത്തിന് അയ്യായിരം രൂപ ചെലവ് വരും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അഞ്ച് കോടി രൂപ ക്യാബിൻ നിർമാണത്തിന് കെഎസ്ആർടിസിയ്ക്ക് അനുവദിച്ചിട്ടുണ്ട്.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി കേന്ദ്ര സർക്കാർ ഗതാഗത വകുപ്പിന് അനുവദിച്ച തുകയിൽ 35 ലക്ഷം രൂപയും കെഎസ്ആർടിസിയ്ക്ക് കൈമാറിയിട്ടുണ്ട്. കണ്ണൂരിലെയും പാപ്പനംകോട്ടേയും രണ്ട് ഡ്രൈവർമാർക്ക് കൊവിഡ് ബാധിച്ച സാഹചര്യത്തിലാണ് കെഎസ്ആർടിസി ജീവനക്കാരുടെ സുരക്ഷ വർധിപ്പിക്കാൻ തീരുമാനിച്ചത്.