തിരുവനന്തപുരം: കൊവിഡിന്‍റെ രണ്ടാം തരംഗത്തെ നേരിടാൻ വിഴിഞ്ഞത്ത് കർമസേന രംഗത്ത്. വിഴിഞ്ഞം ഇടവകയുടെ നേതൃത്വത്തിലാണ് ഇത് പ്രവർത്തിക്കുന്നത്. 14 ദിവസമായി ഇവർ അഹോരാത്രം വിഴിഞ്ഞത്തെ തീരദേശ മേഖലയ്ക്ക് കാവലായി പ്രവർത്തിക്കുന്നു.
തീരദേശ മേഖലയിലേക്ക് പ്രവേശിക്കുന്ന മൂന്ന് പ്രധാന കവാടങ്ങളിലും കർമസേന പ്രവർത്തകർ തെർമൽ സ്കാനറും സാനിറ്റൈസറുമായി കർമ്മനിരതരാണ്. അകത്തേക്ക് പ്രവേശിക്കുന്ന ഓരോ ആളിന്‍റെയും പേരും ഫോൺ നമ്പറും ശേഖരിക്കുന്നു. തെർമൽ സ്കാനിങ്ങിൽ താപനില കൂടുതലാണെന്ന് കണ്ടാൽ അവർക്ക് വിശ്രമിക്കാൻ സ്ഥലവുമൊരുക്കിയിട്ടുണ്ട്. ഇങ്ങനെയുള്ളവരെ ആരോഗ്യ പ്രവർത്തകരുടെ സഹായത്തോടെ പരിശോധനയ്ക്ക് വിധേയരാക്കുന്നു.