തിരുവനന്തപുരം: കൊവിഡിന്‍റെ രണ്ടാം തരംഗം രൂക്ഷമായതിനെ തുടർന്ന് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ സംസ്ഥാന സർക്കാർ. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.
നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതിന്‍റെ ഭാഗമായി പൊതു പരിപാടികളിൽ പരമാവധി 150 പേർക്ക് മാത്രമേ പങ്കെടുക്കാനാകൂ. മാളുകളിൽ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ രണ്ട് തവണ കൊവിഡ് വാക്സിൻ സ്വീകരിച്ചു എന്ന സർട്ടിഫിക്കറ്റോ ഉള്ളവർക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളു.
നാളെയും മറ്റെന്നാളും ആയി മെഗാ കൊവിഡ് പരിശോധന നടത്താനും സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്. രണ്ടരലക്ഷത്തോളം പരിശോധന രണ്ട് ദിവസം കൊണ്ട് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, പൊതു ഗതാഗത മേഖലയിൽ ജോലി ചെയ്യുന്നവർ തുടങ്ങി ജനങ്ങളുമായി കൂടുതൽ സമ്പർക്കം പുലർത്തുന്നവർക്കാണ് പ്രധാനമായും പരിശോധന നടത്തുന്നത്.
വ്യാപകമായ പരിശോധന, കർശനമായ നിയന്ത്രണം, ഊർജിതമായ വാക്സിനേഷൻ എന്നിവയിലൂടെ വ്യാപനം തടയാനാണ് സർക്കാർ ശ്രമം. എല്ലാ ജില്ലകളിലും വിപുലമായ പരിശോധനക്ക് സൗകര്യങ്ങൾ ഒരുക്കാനും യോഗത്തിൽ നിർദേശം നൽകി. സംസ്ഥാന വ്യാപകമായ നിയന്ത്രണങ്ങൾക്കൊപ്പം ജില്ലാതലത്തിലെ നിയന്ത്രണത്തിനും കലക്‌ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. ആവശ്യമെങ്കിൽ 144 അടക്കം പ്രഖ്യാപിക്കാനുള്ള അനുമതിയാണ് ജില്ലാ കലക്‌ടർമാർക്ക് നൽകിയിരിക്കുന്നത്.
ഉത്സവങ്ങൾ അടക്കമുള്ള മതപരമായ ചടങ്ങുകളിലും, ട്യൂഷൻ സെന്‍ററുകളിലും രോഗവ്യാപന സാധ്യതയില്ലെന്ന് ഉറപ്പുവരുത്തണമെന്നും ഉന്നതതല യോഗം നിർദ്ദേശിച്ചു. രോഗവ്യാപനം രൂക്ഷമായതിനെ തുടർന്ന് മുഖ്യമന്ത്രി വിളിച്ച അടിയന്തര യോഗത്തിൽ ആരോഗ്യമന്ത്രി കെകെ ശൈലജ, ചീഫ് സെക്രട്ടറി വിപി ജോയ്, ഡിജിപി ലോക്നാഥ് ബഹ്റ, വകുപ്പ് സെക്രട്ടറിമാർ, ജില്ലാ കലക്ടർമാർ, ഉന്നത പൊലീസ് ഉദ്യോഗസ്ഥർ, ജില്ല മെഡിക്കൽ ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.