തിരുവനന്തപുരം:സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനമായി. അടുത്ത രണ്ട് ഞായറാഴ്ചകളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തും. ജനുവരി 23, 30 തീയതികളിലാണ് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുക. ഈ ദിവസങ്ങളില്‍ അവശ്യ സര്‍വീസുകള്‍ മാത്രമേ അനുവദിക്കുകയുള്ളൂ.
സ്‌കൂളുകളില്‍ 9 വരെയുള്ള ക്ലാസുകള്‍ അടയ്ക്കാനുള്ള തീരുമാനം നടപ്പാക്കും. 10 മുതല്‍ പ്ലസ് ടു വരെയുള്ള ക്ലാസുകള്‍ ഓഫ്‌ലൈനായി തന്നെ തുടരും. കോളജുകളും പൂര്‍ണമായി അടയ്ക്കില്ല. അവസാന വര്‍ഷ ക്ലാസുകള്‍ തുടരും. മറ്റ് ബാച്ചുകളുടെ ക്ലാസുകളുടെ കാര്യം രോഗ വ്യാപനമനുസരിച്ച് കോളജ് പ്രിന്‍സിപ്പല്‍മാര്‍ക്ക് തീരുമാനിക്കാം.
പൂർണമായും അടച്ചിടില്ല
സംസ്ഥാനത്ത് പൂർണമായും അടച്ചിടല്‍ ആവശ്യമില്ലെന്ന് അവലോകന യോഗം തീരുമാനിച്ചു. മാളുകളും തിയേറ്ററുകളും അടച്ചിടില്ല. സ്വയം നിയന്ത്രണം എന്ന തലത്തിലേക്ക് എല്ലാവരും എത്തണമെന്നും അവലോകന യോഗം ആവശ്യപ്പെട്ടു. ജില്ലകളില്‍ ടിപിആര്‍ അടിസ്ഥാനമാക്കി കലക്‌ടര്‍മാര്‍ക്ക് നിയന്ത്രണം തീരുമാനിക്കാം. രോഗവ്യാപന തോത് അടിസ്ഥാനമാക്കിയാകും ഇത്തരം നിയന്ത്രണങ്ങൾ തീരുമാനിക്കുക.
സര്‍ക്കാര്‍/സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന രണ്ടു വയസിനു താഴെ പ്രായമുള്ള കുട്ടികളുള്ള അമ്മമാര്‍, ക്യാന്‍സര്‍ രോഗികള്‍, തീവ്ര രോഗബാധിതര്‍ എന്നിവര്‍ക്ക് വര്‍ക്ക് ഫ്രം ഹോം സംവിധാനത്തിലൂടെ ജോലി ചെയ്യാന്‍ അനുവദിക്കും. ഇതിനായി ഇവര്‍ ഡോക്‌ടര്‍മാരുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. വ്യാപാര സ്ഥാപനങ്ങള്‍, മാളുകള്‍, ബീച്ചുകള്‍, തീം പാര്‍ക്കുകള്‍ ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ആള്‍ക്കൂട്ടം ഉണ്ടാവുന്നില്ലെന്നും കൊവിഡ് മാനദണ്ഡം കൃത്യമായി പാലിക്കുന്നുണ്ടെന്നും ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തണം. ഇവിടങ്ങളില്‍ നിശ്ചിത മീറ്ററിനകത്ത് സാനിറ്റൈസര്‍ ലഭ്യമാക്കണം.
നിലവിലെ കൊവിഡ് സാഹചര്യത്തില്‍ ആശുപത്രികളില്‍ അഡ്‌മിറ്റ് ആകുന്നവരുടെ എണ്ണം കണക്കാക്കി ജില്ലാടിസ്ഥാനത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആരോഗ്യ വകുപ്പ് ജില്ല ദുരന്തനിവാരണ അതോറിറ്റികള്‍ക്ക് എല്ലാ വ്യാഴാഴ്‌ചകളിലും നല്‍കേണ്ടതാണ്. ഇതിനെ അടിസ്ഥാനപ്പെടുത്തി ദുരന്തനിവാരണ അതോറിറ്റി ജില്ലകളെ എ, ബി, സി എന്നിങ്ങനെ മൂന്നായി തിരിക്കും. എല്ലാ വെള്ളിയാഴ്ചകളിലും ദുരന്തനിവാരണ അതോറിറ്റി ഇത് പ്രഖ്യാപിക്കും.
കാറ്റഗറി തിരിച്ച് നിയന്ത്രണം
എ കാറ്റഗറിയില്‍ സാമൂഹ്യ, സാംസ്‌കാരിക, മത-സാമുദായിക, രാഷ്‌ട്രീയ, പൊതു പരിപാടികള്‍ക്കും വിവാഹം, മരണാനന്തര ചടങ്ങുകള്‍ക്കും പരമാവധി 50 പേര്‍ക്ക് പങ്കെടുക്കാവുന്നതാണ്. ബി കാറ്റഗറിയില്‍ സാമൂഹ്യ, സാംസ്‌കാരിക, മത, സാമുദായിക, രാഷ്‌ട്രീയ, പൊതു പരിപാടികള്‍ ഒന്നും തന്നെ അനുവദിക്കില്ല. മതപരമായ ആരാധനകള്‍ ഓണ്‍ലൈന്‍ ആയി മാത്രം നടത്തേണ്ടതാണ്. വിവാഹം, മരണാനന്തര ചടങ്ങുകള്‍ക്ക് പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കൂ.
സി കാറ്റഗറിയിൽ സാമൂഹ്യ, സാംസ്‌കാരിക, മത, രാഷ്‌ട്രീയ, സാമുദായിക, പൊതു പരിപാടികള്‍ ഒന്നും തന്നെ അനുവദിക്കില്ല. മതപരമായ ആരാധനകള്‍ ഓണ്‍ലൈന്‍ ആയി മാത്രം നടത്തേണ്ടതാണ്. വിവാഹം, മരണാനന്തര ചടങ്ങുകള്‍ക്ക് പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കൂ. സിനിമ തിയേറ്ററുകള്‍, സ്വിമ്മിങ് പൂളുകള്‍, ജിമ്മുകള്‍ എന്നിവയുടെ പ്രവര്‍ത്തനം അനുവദിക്കില്ല. ബിരുദ-ബിരുദാനന്തര തലത്തിലെ ഫൈനല്‍ ഇയര്‍ ക്ലാസുകളും, പത്ത്, പന്ത്രണ്ട് ക്ലാസുകളും ഒഴികെയുള്ള എല്ലാ ക്ലാസുകളും (ട്യൂഷന്‍ സെന്‍ററുകള്‍ ഉള്‍പ്പെടെ) ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ മാത്രമേ അനുവദിക്കൂ. റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ബയോ ബബിള്‍ മാതൃകയില്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍ ഇത് ബാധകമല്ല.
ഇന്നത്തെ നില പ്രകാരം എറണാകുളം, ആലപ്പുഴ, കൊല്ലം ജില്ലകളാണ് എ കാറ്റഗറിയില്‍ വരുന്നത്. പാലക്കാട്, ഇടുക്കി തിരുവനന്തപുരം, പത്തനംതിട്ട, വയനാട് ജില്ലകളാണ് ബി കാറ്റഗറിയില്‍. സി കാറ്റഗറിയില്‍ വരുന്ന ജില്ലകള്‍ ഇപ്പോള്‍ ഇല്ല.
സ്വകാര്യ ആശുപത്രികളുടെ സഹകരണം ഉറപ്പാക്കും
മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നതിന് കൃത്യമായ മാനദണ്ഡം നിശ്ചയിക്കണം. റഫര്‍ ചെയ്യുന്ന ഗുരുതര രോഗാവസ്ഥയിലുള്ളവരെ മാത്രം പ്രവേശിപ്പിച്ചാല്‍ മതിയാകും. ഗുരുതര അവസ്ഥയില്‍ എത്തുന്നവരെ മുതിര്‍ന്ന ഡോക്‌ടര്‍മാര്‍ കൂടി പരിശോധിക്കുന്ന നില ഉണ്ടാകണം. നേരത്തെ കൊവിഡ് ബ്രിഗേഡില്‍ സേവനമനുഷ്ഠിച്ചവരെ ആവശ്യാനുസരണം നിയമിക്കാനും അവലോകന യോഗം ആരോഗ്യ വകുപ്പിന് നിർദേശം നല്‍കി.
സ്വകാര്യ ആശുപത്രികളുടെ സഹകരണം ഉറപ്പു വരുത്തണം. അവിടെ രോഗികളെ പ്രവേശിപ്പിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. 108 ആംബുലന്‍സുകളുടെ ഉപയോഗം പരമാവധി ഉറപ്പു വരുത്തണം. പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍പെട്ടവര്‍ക്ക് നല്‍കുന്ന ഏഴ് ദിവസത്തെ സ്‌പെഷ്യല്‍ കാഷ്വല്‍ ലീവ് അനുവദിക്കേണ്ടതില്ല എന്നും യോഗം തീരുമാനിച്ചു.
നിർമാണ പ്രവര്‍ത്തനങ്ങള്‍ സാമൂഹ്യ അകലം പാലിച്ച്
സ്‌പെഷല്‍ സ്‌കൂളുകള്‍ അടച്ചിടേണ്ടതില്ല. അവിടെ ക്ലസ്റ്റര്‍ രൂപപ്പെട്ടാല്‍ മാത്രം അടക്കും. കൊവിഡ് ഇതര രോഗികളുടെ കാര്യത്തില്‍ കൃത്യമായ ക്രമീകരണം ഉണ്ടാക്കണം. സെക്രട്ടേറിയറ്റില്‍ കൊവിഡ് വാര്‍ റും പ്രവര്‍ത്തിക്കും. ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുമ്പോള്‍ അധ്യാപകര്‍ സ്‌കൂളില്‍ തന്നെ ഉണ്ടാകണം. അധ്യയന വര്‍ഷത്തിന്‍റെ അവസാന ഘട്ടമായതിനാല്‍ ഇത് പ്രധാനമാണ്. ജില്ലകളുടെ ആവശ്യമനുസരിച്ച് കരുതല്‍ വാസകേന്ദ്രങ്ങള്‍ ആരംഭിക്കാവുന്നതാണ്. മരുന്നുകള്‍ക്കും ടെസ്റ്റിങ് കിറ്റുകള്‍ക്കും ദൗര്‍ലഭ്യം ഉണ്ടാവരുതെന്നും ആരോഗ്യവകുപ്പിന് നിർദേശം നല്‍കി.
ക്ലസ്റ്ററുകള്‍ രൂപപ്പെടുന്ന സ്ഥലങ്ങളില്‍ സെക്‌ടറല്‍ മജിസ്‌ട്രേറ്റുമാരെ നിയോഗിക്കാം. നിർമാണ പ്രവര്‍ത്തനങ്ങള്‍ സാമൂഹ്യ അകലം പാലിച്ച് നടത്താം. ഇരുന്ന് ഭക്ഷണം കഴിക്കുമ്പോള്‍ രോഗം പകരാതിരിക്കാന്‍ കൊവിഡ് മാനദണ്ഡമനുസരിച്ച് ആവശ്യമായ ക്രമീകരണങ്ങള്‍ വരുത്തണം. എന്നാല്‍ കുടുംബാംഗങ്ങള്‍ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതിന് തടസമില്ല. ജില്ലകളില്‍ അതത് മേഖലകളുടെ സവിശേഷ സാഹചര്യങ്ങള്‍ക്കനുസൃതമായി നിയന്ത്രണങ്ങള്‍ വരുത്താന്‍ ജില്ല കലക്‌ടര്‍മാര്‍ക്ക് അധികാരം നല്‍കി. ചീഫ് സെക്രട്ടറിയുമായി ആലോചിച്ച് കലക്‌ടര്‍മാര്‍ക്ക് ഇക്കാര്യം തീരുമാനിക്കാവുന്നതാണെന്ന് മുഖ്യമന്ത്രി യോഗത്തില്‍ വ്യക്തമാക്കി. ഡിസാസ്റ്റര്‍ മാനേജ്‌മെന്‍റ് ഫണ്ടില്‍ നിന്ന് 22 കോടി രൂപ ജില്ലകള്‍ക്ക് കൊവിഡ് പ്രതിരോധത്തിനായി അനുവദിച്ചു.
Also Read: രോഗതീവ്രത അനുസരിച്ച് ഡിസ്‌ചാര്‍ജ്; കൊവിഡ് രോഗികളുടെ ഡിസ്‌ചാര്‍ജ് പോളിസി പുതുക്കി കേരളം