തിരുവനന്തപുരം: കൊവിഡ് അതിവ്യാപനം തടയുന്നതിന്‍റെ ഭാഗമായി ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളിലേക്ക് സംസ്ഥാനം വീണ്ടും. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ ഒഴികെയുള്ളവ രാത്രി 7.30 വരെ മാത്രമേ പ്രവര്‍ത്തിക്കാവൂ. ബാറുകള്‍, വിദേശ മദ്യ ചില്ലറ വില്പന ശാലകള്‍, മാളുകള്‍, തീയേറ്ററുകള്‍ എന്നിവ അടച്ചിടും. ജിംനേഷ്യം, ക്ലബ്ബ്, സ്‌പോര്‍ട്‌സ് കോംപ്ലക്, നീന്തല്‍ കുളം, വിനോദ പാര്‍ക്ക്, തുടങ്ങിയവയ്ക്കും പ്രവര്‍ത്തന അനുമതിയില്ല. എല്ലാവിധ ആള്‍ക്കൂട്ടങ്ങളും കൂടിച്ചേരലുകളും ഒഴിവാക്കണം.
വിവാഹ ചടങ്ങുകള്‍ക്ക് പങ്കെടുക്കാവുന്നവരുടെ എണ്ണം 50ലേക്ക് ചുരുക്കും. വിവാഹം, ഗൃഹപ്രവേശം എന്നീ പരിപാടികള്‍ നടത്തുന്നതിന് മുന്‍കൂറായി കൊവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. മരണാനന്തര ചടങ്ങുകള്‍ക്ക് പരമാവധി 20 പേര്‍ മാത്രമേ പങ്കെടുക്കാവു. ഈ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ലോക്ക്‌ഡൗണിന് തുല്യമായ നിയന്ത്രണങ്ങള്‍ Read More:സംസ്ഥാനത്ത് 21890 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
എല്ലാ യോഗങ്ങളും ഓണ്‍ലൈന്‍വഴി നടത്താന്‍ മാത്രമേ അനുമതിയുള്ളൂ. സര്‍ക്കാരുമായി ബന്ധപ്പെട്ട യോഗങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈനില്‍ നടത്തും. സര്‍ക്കാര്‍ ഓഫീസുകളില്‍ 50 ശതമാനം ജീവനക്കാര്‍ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ ഹാജരായാല്‍ മതി. ആരോഗ്യം, റവന്യൂ, പൊലീസ് എന്നീ വകുപ്പുകളും ദുരന്തനിവാരണവുമായി ബന്ധപ്പെട്ട മറ്റ് ഓഫീസുകളും എല്ലാ ദിവസവും നിര്‍ബന്ധമായും പ്രവര്‍ത്തിക്കണം. സ്വകാര്യ സ്ഥാപനങ്ങളും അവരുടെ ജീവനക്കാരുടെ എണ്ണം കഴിയാവുന്നത്ര പരിമിതപ്പെടുത്തണം.
ഹോട്ടലുകള്‍ക്ക് ഒമ്പത് മണിവരെ പാഴ്‌സലായി ഭക്ഷണം നല്‍കാം. ആരാധനാലയങ്ങളിലും കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. പള്ളികളില്‍ പരമാവധി 50 പേരെ മാത്രമേ ഒരു സമയം പങ്കെടുപ്പിക്കാന്‍ പാടുള്ളു. ചെറിയ പള്ളികളാണെങ്കില്‍ എണ്ണം വീണ്ടും ചുരുക്കണം. ഇക്കാര്യത്തില്‍ ജില്ലാ കലക്ടര്‍മാര്‍ മത നേതാക്കളുമായി ആലോചിച്ച് തീരുമാനമെടുക്കണം. ആരാധനാലയങ്ങളില്‍ ഭക്ഷണവും തീര്‍ത്ഥവും നല്‍കുന്ന സമ്പ്രദായം തല്‍ക്കാലത്തേക്ക് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാത്രി ഒമ്പതുമണി മുതല്‍ പുലര്‍ച്ച അഞ്ചുമണിവരെയുള്ള രാത്രികാല നിയന്ത്രണം തുടരും. അവശ്യ സേവനങ്ങള്‍ക്കും ആശുപത്രികള്‍, മെഡിക്കൽ ഷോപ്പുകള്‍, പാല്‍ വിതരണം, മാധ്യമങ്ങള്‍ എന്നിവയ്‌ക്ക് നിയന്ത്രണങ്ങളില്‍ നല്‍കിയ ഇളവ് തുടരും. റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം ചുരുക്കണമെന്ന ആവശ്യവും പരിശോധിക്കും.