തിരുവനന്തപുരം: കൊവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ കെഎസ്ആർടിസിക്ക് കോടികളുടെ വരുമാന നഷ്ടം. ഫെബ്രുവരിയിൽ 176 കോടി ലഭിച്ച കെഎസ്ആർടിസിക്ക് മാര്‍ച്ച് 18 വരെ ലഭിച്ചത് 89.37 കോടി രൂപ മാത്രമാണ്. സംസ്ഥാനത്ത് കൊവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തില്‍ യാത്രക്കാർ കുറഞ്ഞതാണ് വരുമാനം കുത്തനെ കുറയാൻ കാരണം.
കെഎസ്ആർടിസിക്ക് കോടികളുടെ വരുമാന നഷ്ടം - Income loss to KSRTC
കേരളത്തില്‍ കൊവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തില്‍ യാത്രക്കാര്‍ കുറഞ്ഞതാണ് കെഎസ്ആർടിസിയുടെ വരുമാനം കുത്തനെ കുറയാന്‍ കാരണം
29 ലക്ഷമായിരുന്ന കെഎസ്ആർടിസി യാത്രാക്കാരുടെ എണ്ണം 17 ലക്ഷമായി കുറഞ്ഞു. യാത്രക്കാർ കുറഞ്ഞതിനാല്‍ ഷെഡ്യൂളുകൾ വെട്ടിക്കുറച്ചിരുന്നു. ജനുവരി മാസത്തിൽ 204 കോടി റെക്കോർഡ് കലക്ഷൻ നേടിയ സ്ഥാനത്താണ് മാര്‍ച്ച് മാസത്തില്‍ കെഎസ്ആര്‍ടിസിക്ക് വന്‍ തിരിച്ചടി നേരിടേണ്ടി വന്നിരിക്കുന്നത്. ജനുവരിയിൽ പ്രതിദിന കലക്ഷൻ ശരാശരി 6.58 കോടി ആയിരുന്നു. ഫെബ്രുവരിയിൽ 6.06 കോടിയും.
അയൽ സംസ്ഥാനങ്ങൾ അന്തർ സംസ്ഥാന വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിയ സാഹചര്യത്തിൽ കെഎസ്ആർടിസിയും അന്തർ സംസ്ഥാന സർവീസുകൾ നിർത്തി വച്ചേക്കും. അങ്ങനെയെങ്കിൽ വരും ദിവസത്തെ വരുമാനത്തിലും വലിയ കുറവ് വരാനാണ് സാധ്യത.