തിരുവനന്തപുരം: കൊവിഡ് ചികിത്സയുടെ ഭാഗമായി പി.എച്ച്.സികള്‍, സി.എച്ച്.സികള്‍, മറ്റ് സര്‍ക്കാര്‍ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ നിന്ന് സ്വകാര്യ ആശുപത്രികളിലെ കൊവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളിലേക്ക് റഫര്‍ ചെയ്യപ്പെടുന്നവര്‍ ചികിത്സ ആനുകൂല്യം ലഭിക്കുന്നതിനാവശ്യമായ രേഖകള്‍ നിര്‍ബന്ധമായും കൈവശം സൂക്ഷിക്കണമെന്ന് ജില്ല കലക്ടര്‍ ഡോ.നവ്ജ്യോത് ഖോസ അറിയിച്ചു.
ചികിത്സ ആനുകൂല്യത്തിന് അര്‍ഹതയുള്ളകാര്യം ആശുപത്രി അധികൃതരെ മുന്‍കൂട്ടി ധരിപ്പിക്കണം. കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിക്ക് കീഴിലുള്ള ആശുപത്രികളിലാകും ആനുകൂല്യം ലഭിക്കുക. സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് റഫര്‍ ചെയ്തതാണെന്ന വിവരം അറിയിക്കാത്തതിനെത്തുടര്‍ന്ന് ചികിത്സ ആനുകൂല്യങ്ങള്‍ നഷ്ടമാകുന്നെന്ന പരാതികളെത്തുടര്‍ന്നാണ് നിര്‍ദേശം.
read more:കൊവിഡ് ചികിത്സാ നിര്‍ദേശം പാലിച്ചില്ല; സ്വകാര്യ ആശുപത്രികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്
റഫര്‍ ചെയ്യപ്പെടുന്നവര്‍ക്ക് ചികിത്സ സൗജന്യമായിരിക്കും. സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി വഴി രോഗിയുടെ ചികിത്സ ചെലവ് സര്‍ക്കാര്‍ അതത് ആശുപത്രികള്‍ക്ക് നല്‍കും. കാസ്പ് ഗുണഭോക്താക്കളായ ആയുഷ്മാന്‍ ഭാരത് കാര്‍ഡ് ഉള്ളവര്‍ക്ക് ഈ ആശുപത്രികളില്‍ നേരിട്ടെത്തി കൊവിഡ് ചികിത്സ തേടാവുന്നതാണെന്നും കലക്ടര്‍ അറിയിച്ചു.
കാസ്പ് പദ്ധതിയില്‍ എംപാനല്‍ ചെയ്തിട്ടുള്ള ആശുപത്രികളുടെ വിവരങ്ങള്‍sha.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. ജില്ലയില്‍ നിലവില്‍ 19 ആശുപത്രികള്‍ കാസ്പ് പദ്ധതിക്ക് കീഴിലുണ്ട്. കൂടുതല്‍ ആശുപത്രികളെ പദ്ധതിക്ക് കീഴില്‍ കൊണ്ടുവരുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും ജില്ലാഭരണകൂടം അറിയിച്ചു.