തിരുവനന്തപുരം:സംസ്ഥാനത്ത് കൊവിഡ് വലിയ രീതിയിൽ വരുമാന നഷ്‌ടമുണ്ടാക്കിയതായി ധനമന്ത്രി തോമസ് ഐസക്. 2020-2021ലെ ഒന്നാം പാദത്തിൽ മാത്രം പ്രതീക്ഷിക്കുന്ന നഷ്‌ടം ഏകദേശം 80,000 കോടി രൂപയാണ്. നികുതി വരുമാനത്തിൽ 23.04 ശതമാനത്തിന്‍റെയും നികുതിയേതര വരുമാനത്തിൽ 65.55 ശതമാനത്തിന്‍റെയും കുറവുണ്ടായി. കേന്ദ്ര നികുതി വിഹിതത്തിൽ 38.49 ശതമാനം കുറവുണ്ടായതായും ധനമന്ത്രി രേഖാമൂലം നിയമസഭയെ അറിയിച്ചു.
കൊവിഡ് വരുമാന നഷ്‌ടമുണ്ടാക്കിയതായി ധനമന്ത്രി തോമസ് ഐസക് - assembly
നികുതി വരുമാനത്തിൽ 23.04 ശതമാനത്തിന്‍റെയും നികുതിയേതര വരുമാനത്തിൽ 65.55 ശതമാനത്തിന്‍റെയും കുറവുണ്ടായതായി ധനമന്ത്രി തോമസ് ഐസക് നിയമസഭയെ അറിയിച്ചു.
സംസ്ഥാനത്ത് കൊവിഡ് വലിയ രീതിയിൽ തൊഴിൽ നഷ്‌ടവും ഉണ്ടാക്കിയിട്ടുണ്ട്. കേരളത്തിൽ 213 ദശലക്ഷം തൊഴിൽ ദിനങ്ങളാണ് നഷ്‌ടമായത്. ഇത് സാമൂഹിക- സാമ്പത്തിക രംഗങ്ങളിൽ ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. പ്രവാസി നിക്ഷേപത്തിലും കുറവ് വന്നു. 2399.97 കോടിയുടെ നിക്ഷേപ കുറവാണ് 2020 ജനുവരി-ഫെബ്രുവരി മാസങ്ങളിൽ ഉണ്ടായത്.
വാണിജ്യ ബാങ്കുകളുടെ നിക്ഷേപത്തിലും 138.29 കോടിയുടെ കുറവുണ്ടായി. സ്വകാര്യ കൈമാറ്റത്തിൽ 28.19 ശതമാനം കുറവ് വന്നിട്ടുണ്ട്. എം.എൽ.എമാരായ ആർ. രാമചന്ദ്രൻ, ചിറ്റയം ഗോപകുമാർ, ഇ.കെ വിജയൻ, എൽദോ എബ്രഹാം എന്നിവരുടെ ചോദ്യങ്ങൾക്കാണ് ധനമന്ത്രി കണക്ക് വ്യക്തമാക്കിയത്. വരുമാനത്തിലെ ഈ കുറവ് സംസ്ഥാന ബജറ്റിനെ എങ്ങനെ ബാധിക്കുമെന്നതാണ് ഇനിയറിയേണ്ടത്.