തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊവിഡ് ഡ്യൂട്ടിയിലുള്ള നഴ്‌സുമാരുടെ ക്വാറന്‍റൈൻ ആരോഗ്യവകുപ്പ് വെട്ടിക്കുറച്ചു. ഏഴ് ദിവസത്തെ ഡ്യൂട്ടി പത്ത് ദിവസമായി വർധിപ്പിച്ചും 14 ദിവസത്തെ ക്വാറന്‍റൈൻ മൂന്ന് ദിവസമായി ചുരുക്കിയും ആരോഗ്യവകുപ്പ് ഉത്തരവ് പുറത്തിറക്കി. പുതിയ തീരുമാനപ്രകാരം കൊവിഡ് ഐസിയുവിൽ പത്ത് ദിവസം ജോലി ചെയ്യുന്നവർക്ക് മൂന്നു ദിവസത്തെ ക്വാറന്‍റൈൻ മാത്രമാണ് ലഭിക്കുക.
കൊവിഡ് ഡ്യൂട്ടിയിലുള്ള നഴ്‌സുമാരുടെ ക്വാറന്‍റൈൻ വെട്ടിച്ചുരുക്കി; പ്രതിഷേധം ശക്തം - ആരോഗ്യവകുപ്പ് ഉത്തരവ് വാർത്ത
ഏഴ് ദിവസത്തെ ഡ്യൂട്ടി പത്ത് ദിവസമായി വർധിപ്പിച്ചും 14 ദിവസത്തെ ക്വാറന്‍റൈൻ മൂന്ന് ദിവസമായി ചുരുക്കിയും ആരോഗ്യവകുപ്പ് ഉത്തരവ് പുറത്തിറക്കി
പുതിയ നീക്കം, രോഗ വ്യാപനത്തിന് വഴിയൊരുക്കുമെന്ന് ചൂണ്ടിക്കാട്ടി നഴ്‌സുമാരുടെ സംഘടനയായ കെജിഎൻയു പ്രതിഷേധവുമായി രംഗത്തെത്തി. ക്വാറന്‍റൈൻ ആവശ്യമില്ലെന്നും മുൻ കരുതൽ ശക്തമാക്കിയാൽ മതിയെന്നുമാണ് ആശുപത്രി അധികൃതരുടെ നിലപാട്. നേരത്തെ കൊവിഡ് വാർഡിൽ ഏഴ് ദിവസം ജോലി ചെയ്യുന്നവർക്ക് 14 ദിവസത്തെ ക്വാറന്‍റൈൻ അനുവദിച്ചിരുന്നു. രോഗം സംശയിക്കുന്നവരുടെയും സ്ഥിരീകരിച്ചവരുടെയും വാർഡിൽ ജോലി ചെയ്യുന്നവരുടെ ക്വാറന്‍റൈൻ വെട്ടിച്ചുരുക്കുന്നത് അപകടകരമായ തരത്തിൽ രോഗ വ്യാപനത്തിന് വഴിയൊരുക്കുമെന്നാണ് നഴ്‌സുമാരുടെ സംഘടന ചൂണ്ടിക്കാട്ടുന്നത്. രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകരിൽ പലരും സുരക്ഷ വസ്ത്രം ധരിച്ചിരുന്നുവെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.