തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ കഠിനാധ്വാനം കൊണ്ടാണ് കൊവിഡ് മരണനിരക്ക് കുറയ്ക്കാൻ കഴിഞ്ഞതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യയിൽ ആദ്യം കൊവിഡ് റിപ്പോർട്ട് ചെയ്ത കേരളത്തിൽ മികച്ച ഇടപെടലാണ് സംസ്ഥാന സർക്കാർ നടത്തിയത്. ആദ്യ രണ്ട് ഘട്ടങ്ങളിലും രോഗപ്പകർച്ച കുറയ്ക്കാൻ കഴിഞ്ഞു. മൂന്നാം ഘട്ടത്തിലെ രോഗ പകർച്ച പ്രതീക്ഷിച്ചതാണ്. മരണ നിരക്ക് കുറച്ചത് കേരളത്തിന്‍റെ നേട്ടമാണ്. മറ്റ് ഇടങ്ങളിൽ 4 ശതമാനം മുതൽ 10 ശതമാനം വരെയാണ് മരണനിരക്ക്.
എന്നാൽ കേരളത്തിൽ അത് 0.31 ശതമാനമായി പിടിച്ചു നിർത്താനായി. 16110 പേർ രോഗ ബാധിതരായപ്പോൾ 50 മരണം മാത്രമാണ് റിപ്പോർട്ട് ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. രോഗ പരിശോധനയില്ല എന്ന ആക്ഷേപവും മുഖ്യമന്ത്രി കണക്കുകൾ നിരത്തി തള്ളി. 25 ലാബുകളിലാണ് ഇപ്പോൾ സ്രവ പരിശോധന നടക്കുന്നത്. അതിൽ 15 സർക്കാർ ലാബുകളും എട്ടും സ്വകാര്യ ലാബുകളുമാണ്.