തിരുവനന്തപുരം: ഇറ്റാലിയൻ സഞ്ചാരിക്ക് കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ വർക്കലയിൽ ജാഗ്രത കൂടുതൽ ശക്തമാക്കാൻ തീരുമാനം. ഇതിന്‍റെ ഭാഗമായി വർക്കലയിൽ തിങ്കളാഴ്ച അടിയന്തര യോഗം ചേരും. ജില്ലാ കലക്‌ടർ, മുൻസിപ്പൽ കൗൺസിലർമാർ, ഡിഎംഒ, മറ്റ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുക്കും. ഇവിടെ കൂടുതൽ ആരോഗ്യ പ്രവർത്തകരെയും നിയോഗിക്കും. രോഗബാധിതനായ ഇറ്റാലിയൻ പൗരൻ സഞ്ചരിച്ച റൂട്ട് മാപ്പ് തയ്യറാക്കി. ഇതിന്‍റെ അടിസ്ഥാനത്തിൽ ഇയാളുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താനുള്ള നടപടികൾ ഊർജിതമാക്കും. അതേസമയം രണ്ടാഴ്‌ചയോളം ഇയാൾ സഞ്ചരിച്ച സ്ഥലങ്ങൾ പൂർണമായും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
ഇറ്റാലിയൻ പൗരന്‍റെ റൂട്ട് മാപ്പ് തയാറാക്കി; ജാഗ്രതയോടെ വര്‍ക്കല
ഇറ്റാലിയൻ പൗരനുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താനുള്ള നടപടികൾ ഊർജിതമാക്കും. വർക്കലയിൽ നാളെ അടിയന്തര യോഗം ചേരും.
ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ എംഎൽഎമാരുടെ യോഗവും നാളെ ചേരുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. ഔദ്യോഗിക ആവശ്യങ്ങൾക്ക് മറ്റുമായി വിദേശത്ത് പോയി വന്നവർ ഓഫീസുകളിൽ പോകുന്നത് ഒഴിവാക്കണം. ചിലർ ഇത്തരത്തിൽ ഓഫീസിൽ എത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ആളുകൾ കൂട്ടം കൂടരുതെന്ന വിലക്ക് മറികടന്ന് നടത്താൻ ശ്രമിച്ച തിരുവനന്തപുരം വാമനപുരം സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് മാറ്റി വെച്ചു. നൂറുക്കണക്കിന് പേരാണ് വിലക്ക് മറികടന്ന് വോട്ട് ചെയ്യാനെത്തിയത്. സംഭവം വാർത്തയായതോടെ സഹകരണ മന്ത്രി ഇടപെട്ട് തെരഞ്ഞെടുപ്പ് മാറ്റിവെക്കുകയായിരുന്നു.