തിരുവനന്തപുരം : സെക്രട്ടേറിയറ്റ് മാർച്ചിലെ (Youth congress Secretariat march) സംഘർഷവുമായി ബന്ധപ്പെട്ട് റിമാൻഡിലായ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ജാമ്യാപേക്ഷ പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും (bail plea of Rahul Mamkootathil). ഇന്നലെയാണ് രാഹുലിന് വേണ്ടി പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകിയത്. ചൊവ്വാഴ്‌ച ജാമ്യാപേക്ഷ നിരസിച്ച ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വിധിക്കെതിരെയാണ് അപ്പീൽ നൽകിയത്.
രാഹുലിനെ അറസ്റ്റ് (Rahul Mamkootathil arrest) ചെയ്‌ത നടപടികളിൽ വീഴ്‌ചകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അപ്പീൽ. ചൊവ്വാഴ്‌ച പുലർച്ചെ അടൂരിലെ വീട്ടിൽ നിന്നാണ് രാഹുലിനെ കന്‍റോൺമെന്‍റ് പൊലീസ് അറസ്റ്റ് ചെയ്‌തത്. രാഹുലിന്‍റെ (Rahul Mamkootathil) അറസ്റ്റിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തിയിരുന്നു.
മാർച്ചിൽ പൊലീസ് കേസെടുത്തു. മുൻ പ്രസിഡന്‍റ് ഷാഫി പറമ്പിൽ (Shafi Parambil) എം എൽ എയെ ഒന്നാം പ്രതിയാക്കി കണ്ടാലറിയാവുന്ന 150ഓളം പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
മന്ത്രി റിയാസിന്‍റെ പ്രതികരണം: അതേസമയം വ്യാജ ഐഡി കാർഡ് വിഷയത്തിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ബോധപൂർവം ഇങ്ങനെയൊരു സ്ഥിതി ഉണ്ടാക്കിയതാണെന്നും മുൻകൂർ ജാമ്യത്തിന് ശ്രമിക്കാതിരുന്നത് ബോധപൂർവമാണെന്നും മന്ത്രി പി എ മുഹമ്മദ് റിയാസും (P A Mohammed Riyas) പ്രതികരിച്ചിരുന്നു. എവിടെ നിന്നെങ്കിലും അറസ്റ്റ് ചെയ്യപ്പെട്ട് അതിലൂടെ താരപരിവേഷം സൃഷ്‌ടിക്കാനുള്ള ശ്രമമാണ് നടന്നത്. അതിനുവേണ്ടി വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വ്യാജ ഐഡി കാർഡ് വിവാദത്തിൽ കോൺഗ്രസിൽ തന്നെ അതൃപ്‌തിയുള്ള സ്ഥിതിയാണുള്ളത്. യൂത്ത് കോൺഗ്രസിൽ തന്നെ എതിർപ്പുണ്ടായ വിഷയത്തെ വഴി തിരിച്ചുവിടാനും രാഹുൽ മാങ്കൂട്ടത്തിലിന് താരപരിവേഷം നൽകാനും ബോധപൂർവമുള്ള ശ്രമമാണ് നടക്കുന്നതെന്നും ആക്ഷേപിച്ചു. പ്രക്ഷോഭം നിയമവിരുദ്ധമായാൽ കേസ് വരുന്നത് സ്വാഭാവികമാണെന്നും മന്ത്രി പറഞ്ഞു.
മുമ്പ് നാലുതവണ താന്‍ ജയിലിൽ കിടന്നിട്ടുണ്ടെന്നും അന്ന് വീട് പൊലീസ് വളഞ്ഞ് അറസ്റ്റ് ചെയ്‌തിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. പൊലീസ് അവരുടെ ജോലിയാണ് ചെയ്‌തതെന്നും അന്വേഷണം സ്വതന്ത്രമായി നടക്കുമെന്നും മന്ത്രി പറഞ്ഞു. എന്നാൽ ചില കോൺഗ്രസ് നേതാക്കളും ചില മാധ്യമങ്ങളും ചേർന്ന് നടത്തുന്ന ബോധപൂർവമായ അജണ്ടയുടെ ഭാഗമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവിന്‍റെ നേതൃത്വത്തിലാണ് ഇത്തരം ശ്രമങ്ങൾ നടത്തുന്നതെന്ന് ആർക്കാണ് അറിയാത്തതെന്നും മന്ത്രി പിഎ മുഹമ്മദ് റിയാസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
Also read: രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് മാർച്ച്