തിരുവനന്തപുരം : കാലടി സർവകലാശാലയുടെ ആറ്റുകാല്‍ സെന്‍ററിനോട് ചേര്‍ന്നുള്ള എട്ട് സെൻ്റ് വസ്‌തു അനധികൃതമായി കൈയേറിയ മുൻ വൈസ് ചാൻസലർ രാമചന്ദ്രൻ നായരുടെ നീക്കത്തിന് കോടതിയില്‍ തിരിച്ചടി. തൻ്റെ വസ്‌തുവെന്ന് കാട്ടി കോടതിയിൽ രാമചന്ദ്രൻ നായർ നൽകിയ ഹർജി കോടതി തള്ളി. തിരുവനന്തപുരം മുൻസിഫ് കോടതിയുടേതാണ് നടപടി.
1996ൽ വിദ്യാധിരാജ ട്രസ്റ്റിൽ നിന്നും വാങ്ങിയ 55 സെൻ്റ് വസ്തുവിൽ നിന്നും എട്ട് സെന്‍റ് താൻ വാങ്ങിയതാണെന്ന് അവകാശവാദം ഉന്നയിച്ച് 2012ൽ മുൻ വൈസ് ചാൻസലർ രംഗത്തുവന്നിരുന്നു. സെൻ്റ് 50,000 രൂപ നൽകിയാണ് കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല സ്ഥലം വിലയ്ക്ക് വാങ്ങിയത്.
രാമചന്ദ്രൻ നായർ വ്യാജ രേഖകൾ തയ്യാറാക്കി സർവകലാശാലയുടെ വസ്‌തു കൈവശപ്പെടുത്താൻ ശ്രമിച്ചതിന് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്‌തിരുന്നു. എന്നാൽ തെളിവുകളുടെ അഭാവത്താൽ ഈ കേസിൽ മുൻ വിസിയെ കോടതി വെറുതെ വിട്ടു.