തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കേസ് അന്വേഷണ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവ്. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയാണ് സിബിഐ ചെന്നൈ യൂണിറ്റിലെ ഡിവൈഎസ്‌പി കെ.ജെ.ഡാര്‍വിനെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടത്. സിബിഐ കോടതി അയച്ച സമന്‍സ് ലഭിച്ചെങ്കിലും ഉദ്യോഗസ്ഥന്‍ കോടതിയില്‍ വിചാരണയ്‌ക്ക് ഹാജരാകാതിരുന്നതാണ് കോടതിയെ ചൊടിപ്പിച്ചത്.
സിസ്റ്റര്‍ അഭയ കേസ്; അന്വേഷണ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവ് - തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി
സിബിഐ ചെന്നൈ യൂണിറ്റിലെ ഡിവൈഎസ്‌പി കെ.ജെ. ഡാര്‍വിനെ അറസ്റ്റ് ചെയ്യാന്‍ തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയുടെ ഉത്തരവ്.
സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തിലെ 124-ാം സാക്ഷിയാണ് ഡിവൈഎസ്‌പി കെ.ജെ ഡാര്‍വിന്‍. 28 വര്‍ഷം പഴക്കമുള്ള അഭയ കേസ് വിചാരണ നടപടികള്‍ അവസാന ഘട്ടത്തില്‍ നില്‍ക്കുമ്പോഴാണ് പ്രോസിക്യൂഷന്‍ സാക്ഷികള്‍ തന്നെ വിചാരണക്കെത്താതിരിക്കുന്നത്. കേസില്‍ ഇതുവരെ 44 സാക്ഷികളെ വിസ്‌തരിച്ചു. ഇതില്‍ 27 പേര്‍ പ്രോസിക്യൂഷനെയും എട്ട് പേര്‍ പ്രതികളെയും അനുകൂലിച്ചു. 1992 മാര്‍ച്ച് 27നാണ് കോട്ടയം പയസ് ടെന്‍റ് കോണ്‍വെന്‍റിലെ കിണറ്റില്‍ ദുരൂഹ സാഹചര്യത്തില്‍ സിസ്റ്റര്‍ അഭയയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഫാ.തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവരാണ് വിചാരണ നേരിടുന്ന പ്രതികള്‍.