തെരുവുനായ സെൻസെസ് ആരംഭിച്ചു തിരുവനന്തപുരം: നഗരസഭയുടെ തെരുവുനായ സെൻസെസ് ആരംഭിച്ചു. ജനുവരി 26ന് ആരംഭിച്ച സെൻസെസ്സിൽ ഇത് വരെ 97 വാർഡുകളിലെ തെരുവുനായകളുടെ വിവരങ്ങൾ ശേഖരിച്ചു. വേൾഡ് വെറ്ററിനറി സർവീസ് ഒരുക്കിയ മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് വിദ്യാർഥികൾ ഉൾപ്പെടെയുള്ള പത്തോളം വോളന്‍റീയർമാരാണ് സർവേ നടത്തുന്നത്.
രാവിലെ 6 മുതൽ 8 വരെ വോളന്‍റീയർമാർ ബൈക്കിൽ സഞ്ചരിച്ച് തെരുവ് നായ്ക്കൾ കൂട്ടം കൂടുന്ന സ്ഥലങ്ങൾ മനസിലാക്കിയാണ് സർവേ നടത്തുക. കണക്കുകളിൽ പിശക് വരാതിരിക്കാൻ മൂന്ന് ഘട്ടമായി നടക്കുന്ന സർവേയിൽ തെരുവ് നായ്ക്കളുടെ ആരോഗ്യ സ്ഥിതിയും ഓരോ തെരുവുനായയുടെയും ചിത്രം ഉൾപ്പെടെയുള്ള വിവരങ്ങളും മൊബൈൽ ആപ്പ് വഴി രേഖപ്പെടുത്തും. സർവേ പൂർത്തിയായതിന് ശേഷം റിപ്പോർട്ട് ആരോഗ്യ വകുപ്പിന് കൈമാറും.
തുടർന്ന് നഗരസഭ കൗൺസിൽ കൂടി മാർച്ചോടെ വാക്‌സിനേഷൻ നടപടികൾ ആരംഭിക്കും. വെറ്റിനെറി ഡോക്‌ടർമാർ ഉൾപ്പെട്ട സംഘമാകും പ്രതിരോധ വാക്‌സിൻ നടപടികൾ കൈക്കൊള്ളുക. രോഗബാധിതരായ നായ്ക്കളെ ചികിത്സിച്ചതിന് ശേഷം ദത്ത് നൽകാനുള്ള നടപടികളും സ്വീകരിക്കും.
തെരുവുനായ ആക്രമണം വർധിച്ചെന്ന പരാതികൾ ഉയർന്ന സാഹചര്യത്തിൽ നഗരസഭയുടെ ആരോഗ്യ വിഭാഗത്തിന്‍റെ നേതൃത്വത്തിലാണ് സർവേ നടത്താൻ തീരുമാനമായത്. ജനങ്ങൾക്ക് അവബോധം നൽകാനും നഗരസഭ പരിധിയിലെ തെരുവുനായ്ക്കളിൽ പ്രതിരോധ കുത്തിവയ്പ്പ് ഉൾപ്പെടെയുള്ള നടപടികൾ കൈക്കൊള്ളാനുമാണ് ഇപ്പോൾ സർവേ ആരംഭിച്ചിരിക്കുന്നത്. അടുത്ത ആഴ്‌ചയോടെ സർവേ റിപ്പോർട്ട് നഗരസഭ ആരോഗ്യ വിഭാഗത്തിന് കൈമാറും. ഇതിന് ശേഷമാകും ബാക്കി നടപടികൾ.
തെരുവ് നായ്ക്കളിൽ ആക്രമണത്തിൽ പരിക്കേറ്റവർക്ക് ജനറൽ ആശുപത്രിയിൽ ബോധവത്കരണ ക്ലാസും ഇതിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. പഞ്ചാബ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കംപാഷൻ ഫോർ അനിമൽസ് വെൽഫയർ അസോസിയേഷൻ, പ്രതിരോധ വാക്‌സിൻ നിർമാതാക്കളായ ഇന്ത്യൻ ഇമ്മ്യുണോളജിസ്റ്റ്സ് ലിമിറ്റഡ് എന്നിവരുടെ നേതൃത്വത്തിൽ സമൂഹ മാധ്യമങ്ങൾ വഴി നടത്തിയ പ്രചാരണത്തിൽ നിന്നുമാണ് വോളന്‍റീയർമാരെ സർവേയിലേക്ക് ആകർഷിച്ചത്.
സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ സ്‌കൂളുകളിലും റെസിഡൻസ് അസോസിയേഷനുകളിലും ബോധവത്കരണ കാമ്പെയിനുകളും നടന്നു വരികയാണ്. ഇരുചക്ര വാഹന യാത്രകാർക്ക് തെരുവ് നായ അക്രമണത്തിൽ നിന്നും രക്ഷപ്പെടാൻ മോട്ടോർ വാഹന വകുപ്പുമായി ചേർന്ന് ലൈസൻസിന് മുന്നോടിയായി നല്‌കുന്ന ബോധവത്കരണ ക്ലാസിലും ഇത് ഉൾപ്പെടുത്താനുള്ള ശ്രമങ്ങളും സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ നടന്നു വരികയാണ്.