തിരുവനന്തപുരം: അനുമതി ലഭിച്ചിട്ടും നിര്‍മാണം നടക്കാതെ നെല്ലിക്കവിള- പൂവക്കോട് റോഡ്. റോഡിന് സമീപത്തെ പുരയിടത്തിന്‍റെ ഉടമ നികുതി അടയ്‌ക്കുന്ന ഭൂമിയില്‍ റോഡിന്‍റെ ഭാഗങ്ങളും ഉള്‍പ്പെടുന്നുവെന്ന അവകാശവാദത്തെ തുടര്‍ന്നാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇഴയുന്നത്.
അനുമതി ലഭിച്ചിട്ടും നിര്‍മാണം ആരംഭിക്കാതെ നെല്ലിക്കവിള- പൂവക്കോട് റോഡ് - റോഡ്
ശക്തമായ മഴയെ തുടര്‍ന്ന് റോഡ് പൂര്‍ണമായും ഇടിഞ്ഞു താണതോടെ ഇത് വഴിയുള്ള യാത്ര ദുസഹമായിരിക്കുകയാണ്.
2019ലെ പ്രളയത്തിലാണ് തിരുവനന്തപുരം നഗരസഭയിലെ പൗഡികോണം, ഞാണ്ടൂര്‍കോണം വാര്‍ഡില്‍പെട്ട റോഡിന്‍റെ ഒരു ഭാഗം ഇടിഞ്ഞു താണത്. ഭാരമുള്ള വാഹനങ്ങള്‍ ഓടിത്തുടങ്ങിയതോടെ റോഡ് ഇടിയുന്നതിന്‍റെ ആക്കം കൂടി. ശക്തമായ മഴയെ തുടര്‍ന്ന് ജൂണ്‍ എട്ടിന് റോഡ് പൂര്‍ണമായും ഇടിഞ്ഞു താണു. റോഡ് തകർന്നത് മൂലം മുപ്പത്തിയഞ്ചോളം കുടുംബങ്ങളാണ് ഒറ്റപ്പെട്ട നിലയിലായത്. അടിയന്തര ആവശ്യങ്ങള്‍ക്കു പോലും ഗതാഗത സൗകര്യമൊരുക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണെന്ന് പ്രദേശവാസികള്‍ പറയുന്നു. തകര്‍ന്ന റോഡിലൂടെയുള്ള യാത്രക്കിടെ നിരവധി അപകടങ്ങളും സംഭവിച്ചിട്ടുണ്ട്. മക്കളുമായി സ്‌കൂട്ടറില്‍ പോയ വീട്ടമ്മ 20 അടി താഴ്‌ചയിലേക്ക് വീണ് സാരമായി പരിക്കേറ്റിരുന്നു.
ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ മേയറെ നേരില്‍ കണ്ട് പ്രതിഷേധമറിയിച്ചതിന്‍റെ ഫലമായാണ് ഡൈഡ് വാള്‍ കെട്ടി റോഡ് പണിയാന്‍ തുക അനുവദിച്ചത്. റോഡ് നിര്‍മാണം പൂര്‍ത്തിയാക്കി സഞ്ചാര സ്വാതന്ത്ര്യമെന്ന അവകാശം ഉറപ്പാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.