തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ ബജറ്റിനെതിരെ പ്രതിഷേധിച്ച് കോൺഗ്രസ് ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും. കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍ എംപിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഭാരവാഹി യോഗത്തിന്‍റെ തീരുമാന പ്രകാരമാണ് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുന്നത്. ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിലെ ജനദ്രോഹ നടപടികള്‍ക്കും നികുതി കൊള്ളയ്ക്കും എതിരെയാണ് പ്രതിഷേധം.
ജനങ്ങളുടെ ജീവിത ചെലവ് കുത്തനെ കൂട്ടുന്ന സംസ്ഥാന ബജറ്റിനെതിരെ തീപാറുന്ന പ്രക്ഷോഭമാണ് കേരളം കാണാന്‍ പോകുന്നതെന്ന് കെ സുധാകരൻ അറിയിച്ചു. നികുതി കൊള്ളക്കെതിരെ ജനങ്ങളെ അണിനിരത്തി കോണ്‍ഗ്രസ് ശക്തമായ പ്രതിരോധം തീര്‍ക്കും. നികുതി ബഹിഷ്‌കരിക്കേണ്ട നിലയിലേക്ക് ജനങ്ങളെ സര്‍ക്കാര്‍ തള്ളിവിടുകയാണ്. മുൻപും സര്‍ക്കാരുകള്‍ നികുതി കൂട്ടിയിട്ടുണ്ടെങ്കിലും അതോടൊപ്പം ജനങ്ങള്‍ക്ക് ആശ്വാസം കിട്ടുന്ന നടപടികളും നാടിന് പ്രയോജനം ചെയ്യുന്ന പദ്ധതികളും പ്രഖ്യാപിക്കുമായിരുന്നു.
എന്നാല്‍ ഇത്തവണ അതൊന്നും ഉണ്ടായില്ലെന്നും സുധാകരൻ കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് ജില്ല കമ്മിറ്റികളുടെ നേതൃത്വത്തില്‍ ജില്ല കേന്ദ്രങ്ങളില്‍ രാവിലെ പ്രതിഷേധ പരിപാടികളും വെകുന്നേരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പന്തം കൊളുത്തി പ്രകടനങ്ങളും നടക്കും. ഇന്ന് നടക്കുന്ന വിവിധ പ്രതിഷേധ പരിപാടികളില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി ഭാരവാഹികള്‍, ഡിസിസി പ്രസിഡന്‍റുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
Also Read: ബജറ്റിനെതിരെ തെരുവിലിറങ്ങി പ്രതിപക്ഷം ; സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തി യൂത്ത് കോണ്‍ഗ്രസും യുവമോര്‍ച്ചയും
പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസും യുവമോര്‍ച്ചയും:അതേസമയം ഇന്നലെ ബജറ്റിനെതിരെ പ്രതിഷേധിച്ച് യുവമോർച്ചയും യൂത്ത് കോൺഗ്രസും സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തി. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച യുവമോർച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് പ്രവർത്തകർ ബസ് തടഞ്ഞു. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച രണ്ട് പ്രവർത്തകർക്ക് പരിക്കേറ്റു. ഇവരെ പൊലീസ് വാഹനത്തിൽ ആശുപത്രിയിലേക്ക് മാറ്റി.
അതിനിടെ യൂത്ത് കോൺഗ്രസും സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തി. പ്രവർത്തകർ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്‌ത് നീക്കി. തൊട്ടുപിന്നാലെ ജില്ല കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലും മാർച്ച് നടന്നു. ഡിസിസി അധ്യക്ഷൻ പാലോട് രവി മാർച്ച് ഉദ്ഘാടനം ചെയ്‌തു. പെട്രോള്‍, ഡീസല്‍ എന്നിവയ്ക്ക് ലിറ്ററിന് രണ്ട് രൂപ നിരക്കില്‍ സാമൂഹ്യ സുരക്ഷ സെസ് ഏര്‍പ്പെടുത്തുമെന്നാണ് ബജറ്റിലെ സുപ്രധാന പ്രഖ്യാപനം. ഇതിലൂടെ സാമൂഹ്യസുരക്ഷ സീഡ് ഫണ്ടിലേയ്ക്ക് അധികമായി 750 കോടി രൂപയാണ് പ്രതീക്ഷിക്കുന്നതെന്ന് ധനമന്ത്രി പറഞ്ഞു.
Also Read: നികുതി വര്‍ധന മുന്നോട്ടുവയ്ക്കുന്ന ബജറ്റ് : മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടി യൂത്ത് കോൺഗ്രസ്
അശാസ്‌ത്രീയ നികുതി വര്‍ധനയെന്ന് പ്രതിപക്ഷ നേതാവ്: ഉയരുന്ന ഇന്ധന വിലയ്‌ക്കൊപ്പം സുരക്ഷ സെസ് കൂടി ചേര്‍ന്നാല്‍ വീണ്ടും സാധാരണക്കാർ വലയുമെന്ന് ഉറപ്പാണ്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രൂക്ഷ വിമർശനമാണ് സംസ്ഥാന ബജറ്റിനെതിരെ ഉന്നയിച്ചത്. സംസ്ഥാനം അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ പേരുപറഞ്ഞ് അശാസ്‌ത്രീയ നികുതി വർധനയാണ് ബജറ്റിൽ ഏർപ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
4,000 കോടി രൂപയുടെ അശാസ്‌ത്രീയ നികുതി വർധനയാണ് ബജറ്റ് മുന്നോട്ടുവയ്ക്കുന്നത്. പെട്രോളിനും ഡീസലിനും കേന്ദ്രം വൻതോതിൽ വില വർധിപ്പിക്കുന്നതിനെതിരെ മുറവിളി ഉയരുമ്പോഴാണ് കൂടുതൽ ആഘാതമേൽപ്പിച്ച് ഇന്ധനങ്ങള്‍ക്ക് 2 രൂപ സെസ് ഏർപ്പെടുത്താൻ തീരുമാനിച്ചതെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.