കേരളം

kerala

ETV Bharat / state

'എഐ ക്യാമറ വിവാദത്തിലെ അന്വേഷണ റിപ്പോര്‍ട്ട് ചവറ്റുകുട്ടയിൽ എറിയേണ്ടത്'; സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രമേശ് ചെന്നിത്തല - വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി

എഐ ക്യാമറ വിവാദം സംബന്ധിച്ച് വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷാണ് അന്വേഷണം നടത്തി സര്‍ക്കാരിന് സമര്‍പ്പിച്ചത്

Congress Leader Ramesh Chennithala  Ramesh Chennithala  Ramesh Chennithala on AI Camera controversy  AI Camera controversy investigative report  investigative report  Government and Chief minister  എഐ ക്യാമറ വിവാദത്തിലെ അന്വേഷണ റിപ്പോര്‍ട്ട്  എഐ ക്യാമറ  അന്വേഷണ റിപ്പോര്‍ട്ട് ചവറ്റുകുട്ടയിൽ എറിയേണ്ടത്  സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ  രമേശ് ചെന്നിത്തല  ചെന്നിത്തല  വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി  മുഖ്യമന്ത്രി
'എഐ ക്യാമറ വിവാദത്തിലെ അന്വേഷണ റിപ്പോര്‍ട്ട് ചവറ്റുകുട്ടയിൽ എറിയേണ്ടത്'; സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രമേശ് ചെന്നിത്തല

By

Published : May 20, 2023, 6:27 PM IST

സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രമേശ് ചെന്നിത്തല

തിരുവനന്തപുരം: എഐ ക്യാമറ വിവാദം സംബന്ധിച്ചുള്ള വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറിയുടെ അന്വേഷണ റിപ്പോര്‍ട്ടിനെ കുറ്റപ്പെടുത്തി മുൻ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷിന്‍റെ റിപ്പോർട്ട്‌ ചവറ്റുകുട്ടയിൽ എറിയേണ്ട റിപ്പോർട്ടാണെന്ന് അദ്ദേഹം പറഞ്ഞു. ആ റിപ്പോർട്ടിന് കടലാസിന്‍റെ വില പോലും നൽകുന്നില്ലെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

റിപ്പോര്‍ട്ടിനെ കുറ്റപ്പെടുത്തി:ഇത് സര്‍ക്കാരിന്‍റെ കൊടിയ അഴിമതിയെ വെള്ളപൂശുന്ന നടപടിയായിപ്പോയി. മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ ഈ കാട്ടുകൊള്ളക്ക് കൂട്ടുനില്‍ക്കാൻ പാടില്ലായിരുന്നു. കള്ള റിപ്പോര്‍ട്ടുകള്‍ കൊണ്ട് സര്‍ക്കാരിന്‍റെ തീവെട്ടിക്കൊള്ള മൂടിവയ്ക്കാന്‍ കഴിയില്ലെന്നും ചെന്നിത്തല പറഞ്ഞു. കെല്‍ട്രോണിന്‍റെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ വീഴ്‌ചകള്‍ ന്യായീകരിക്കേണ്ട ഗതികേടിലാണ് ഇപ്പോൾ സര്‍ക്കാരുള്ളതെന്നും അദ്ദേഹം പ്രതികരിച്ചു.

ഒരാഴ്‌ചയ്ക്കുള്ളിൽ അന്വേഷണ റിപ്പോർട്ട് നൽകണമെന്നാണ് വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറിയോട് സർക്കാർ ആവശ്യപ്പെട്ടത്. എന്നാൽ സർക്കാർ ആവശ്യപ്പെട്ടതുപോലെ റിപ്പോർട്ട് നൽകാൻ തയ്യാറാകാത്ത വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറിയെ റവന്യൂ വകുപ്പിലേക്ക് സ്ഥലംമാറ്റി. റവന്യൂ വകുപ്പിൽ നിന്ന് പിന്നീട് ആരോഗ്യ വകുപ്പ് സെക്രട്ടറി സ്ഥാനത്തേക്ക് മാറ്റി. സർക്കാർ ആഗ്രഹിച്ചത് പോലെ റിപ്പോർട്ട് എഴുതി നൽകിയപ്പോൾ വീണ്ടും വ്യവസായ വകുപ്പിലേക്ക് നിയമിച്ചുവെന്നും ഒരു റിപ്പോർട്ടിന് വേണ്ടി എന്ത് നാണംകെട്ട കളിയാണ് മുഖ്യമന്ത്രി കളിക്കുന്നതെന്ന് രമേശ് ചെന്നിത്തല ചോദിച്ചു.

എങ്ങും തൊടാതെ ഭാഗികമായ കാര്യങ്ങള്‍ മാത്രം പരിശോധിച്ച ശേഷമുള്ള റിപ്പോർട്ടാണിതെന്ന് ആർക്കും ബോധ്യമാകും. കേരളം കണ്ട ഏറ്റവും വലിയ കൊള്ളകളിലൊന്നാണ് ഈ പദ്ധതിയുടെ മറവില്‍ നടന്നതെന്ന് വ്യവസായ സെക്രട്ടറിയുടെ റിപ്പോര്‍ട്ടിലൂടെ വ്യക്തമാകും. മതിയായ രേഖകൾ ഹാജരാക്കാത്ത അക്ഷര എന്‍റര്‍പ്രൈസസ് ഇന്ത്യ ലിമിറ്റഡിനെ എങ്ങനെ ടെന്‍ഡര്‍ നടപടിയില്‍ ഉള്‍പ്പെടുത്തിയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും ചെന്നിത്തല പറഞ്ഞു.

കെല്‍ട്രോണിനെ വിടാതെ: 2010 ല്‍ രജിസ്‌റ്റര്‍ ചെയ്‌ത കമ്പനിയാണെന്നും അതിന്‍റെ പേര് അക്ഷര എന്‍റര്‍പ്രൈസാണെന്നുമാണ് കമ്പനി ഉന്നയിക്കുന്ന അവകാശവാദം. എന്നാൽ 2017ല്‍ രജിസ്‌റ്റര്‍ ചെയ്‌തതാണെന്ന് വെബ്‌സൈറ്റ് പരിശോധിച്ചാല്‍ ആര്‍ക്കും മനസിലാകും. കെല്‍ട്രോണ്‍ എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാക്കിയതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ എന്തിനാണ് സബ് കോണ്‍ട്രാക്റ്റുകളില്‍ ഭാഗമായി കരാറുകളില്‍ ഒപ്പിട്ടതെന്നും അദ്ദേഹം ചോദിച്ചു.

പദ്ധതി ആസൂത്രണം ചെയ്യുന്നതിന് മുമ്പേ അഴിമതി ആസൂത്രണം നടത്തിയെന്നാണ് രേഖകളിലൂടെ വ്യക്തമാകുന്നത്. 58 കോടിക്ക് തീരേണ്ട പദ്ധതിയാണ് 152 കോടിയും പിന്നീട് 232 കോടിയുമായി ഉയർന്നത്. പൊതുസമൂഹത്തില്‍ നിന്ന് പിഴ പിരിച്ച് മുഖ്യമന്ത്രിയുടെ ബന്ധുക്കളുടെ കീശ വീര്‍പ്പിക്കാനുമാണ് നോക്കിയതെന്ന് വ്യക്തമാണെന്നും പ്രസാദിയോ കമ്പനിക്ക് മുഖ്യമന്ത്രിയുമായുള്ള ബന്ധം എന്താണെന്ന് വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ആ കമ്പനിയെ വളർത്തിയതിനു പിന്നിൽ മുഖ്യമന്ത്രിയുടെ കൈകളുണ്ട്. അതുകൊണ്ടാണ് ആ കമ്പനിയെ തള്ളി പറയാൻ മുഖ്യമന്ത്രി തയ്യാറാകാത്തത്. ടെന്‍ഡര്‍ നേടിയ എസ്ആര്‍ഐടിയും അശോക ബില്‍ഡ്‌കോണും നേരത്തെ തന്നെ ബിസിനസ് പങ്കാളികളായിരുന്നു. ടെന്‍ഡര്‍ തന്നെ ഒത്തുകളിയും നിയമവിരുദ്ധവുമാണെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ ടെന്‍ഡര്‍ അടിയന്തിരമായി റദ്ദ് ചെയ്യണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ഈ അന്വേഷണ റിപ്പോർട്ടിലൂടെ ക്യാമറ വിവാദം എന്ന അധ്യായം അവസാനിച്ചെന്ന വ്യവസായ മന്ത്രി പി.രാജീവിന്‍റെ പ്രസ്‌താവനയിൽ അധ്യായങ്ങൾ തുറക്കാൻ പോകുന്നതേയുള്ളൂ എന്നായിരുന്നു രമേശ് ചെന്നിത്തലയുടെ മറുപടി.

മുഖ്യമന്ത്രിക്കെതിരെയും വിമർശനം:യുഡിഎഫ് സർക്കാരിന്‍റെ കാലത്ത് സെക്രട്ടറിമാരെയും ഐഎഎസ് ഉദ്യോഗസ്ഥരെയും കലക്‌ടർമാരെയും നിയമിച്ചുകൊണ്ടിരുന്നത് മന്ത്രിസഭയിൽ ചർച്ച ചെയ്‌തതിനുശേഷമാണ്. എന്നാൽ പിണറായി വിജയൻ അധികാരത്തിൽ വന്നതിനുശേഷം ഇപ്പോൾ അതെല്ലാം തമ്പുരാൻ തന്നെ തീരുമാനിക്കുന്നു എന്ന നിലയിലാണ്. തമ്പുരാൻ തീരുമാനിച്ചാൽ പിന്നെ ആരും എതിർക്കില്ലെന്നും അതാണ് ഇക്കാര്യത്തിലും ഉണ്ടായിരിക്കുന്നതെന്നും ചെന്നിത്തല മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ചു.

കേരളത്തിൽ നടന്ന മറ്റൊരു വലിയ അഴിമതിയാണ് കെ.ഫോൺ. സേഫ് കേരള എന്ന ഓമനപ്പേര് വച്ചുകൊണ്ടാണ് ഈ കള്ളക്കളികൾ. കെ ഫോൺ പദ്ധതിയിലും എസ്ആർഐടിയും പ്രസാദിയോയുമുണ്ട്. ഒരുകൂട്ടം ആളുകൾക്ക് പണമുണ്ടാക്കാൻ വേണ്ടി മാത്രമാണ് ഇത്തരം പദ്ധതികളെന്നും ഇതിന്‍റെയെല്ലാം ഉപജ്ഞാതാവായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ ഇപ്പോൾ ജയിലിലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മൗനം കൊണ്ട് കേരളത്തിലെ ജനങ്ങളെ വിഡ്ഢികളാക്കാമെന്ന ചിന്തയാണ് മുഖ്യമന്ത്രിക്കെന്നും എഐ ക്യാമറ വിവാദത്തിൽ നിയമ നടപടികളിലേക്ക് കടക്കുന്നത് കൂടിയാലോചനക്കുശേഷം തീരുമാനിക്കുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details