തിരുവനന്തപുരം: കോണ്‍ഗ്രസിലെ ഒരു കാലഘട്ടത്തിലെ ചങ്കൂറ്റമുള്ള തലമുറയുടെ നേതാവായാണ് എല്ലാ കാലത്തും പി.ടി.തോമസ് അറിയപ്പെട്ടിരുന്നത്. എന്തും വെട്ടിത്തുറന്നു പറയുന്ന പ്രകൃതം. പി.ടിക്ക് സ്വന്തം പാളയത്തില്‍ ശത്രുക്കളെക്കാളേറെ സൃഷ്ടിച്ചത് ആരാധകരെയായിരുന്നു. പി.ടിയുടെ നിലപാടുകള്‍ക്കായി കേരളത്തിലെ യുവാക്കള്‍ കാതു കൂര്‍പ്പിച്ചിരുന്ന കാലം.
1979 ല്‍ കെ.കരുണാകരന്‍റെയും എ.കെ.ആന്‍റണിയുടെയും നേതൃത്വത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് നെടുകെ പിളര്‍ന്നപ്പോള്‍ ദേശീയതലത്തില്‍ ഇന്ദിരാഗാന്ധിയെ എതിര്‍ക്കുന്ന എ.കെ.ആന്‍റണിക്കൊപ്പം പി.ടി. തോമസ് ഉറച്ചു നിന്നു. 1980 മുതല്‍ 82 വരെ എ വിഭാഗം കെ.എസ്.യുവിന്റെ സംസ്ഥാന പ്രസിഡന്റായിരുന്നു. പി.ടി.ക്കൊപ്പം മറു ചേരിയില്‍ ഐ വിഭാഗത്തിന്റെ കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റായത് രമേശ് ചെന്നിത്തലയും.
കേരളത്തിലെ കെ.എസ്.യുവിലേക്ക് യുവാക്കളെ എത്തിക്കാന്‍ ഇരുവരും തമ്മില്‍ മത്സരമായിരുന്നു അക്കാലത്തെന്ന് പഴയ തലമുറ ഓര്‍ക്കുന്നു. 1987ല്‍ ആദ്യമായി തൊടുപുഴയില്‍ നിന്ന് നിയമസഭയിലേക്ക് കന്നിയങ്കത്തിനിറങ്ങിയെങ്കിലും തീപാറുന്ന പോരാട്ടത്തില്‍ കേരള കോണ്‍ഗ്രസ് നേതാവായ പി.ജെ.ജോസഫിനോടു പരാജയപ്പെട്ടു. 1990ല്‍ ആദ്യ ജില്ലാ കൗണ്‍സില്‍ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു.
1991ലെ തൊടുപുഴയില്‍ നിന്ന് പി.ജെ.ജോസഫിനെ തോല്‍പ്പിച്ച് ആദ്യമായി നിയമസഭാംഗമായി. കെ.കരുണാകരന്‍ കേരളത്തിലെ കോണ്‍ഗ്രസില്‍ അതിശക്തനായി നിലകൊള്ളുന്ന കാലത്താണ് കെ.കരുണാകരനെതിരെ യുവാക്കളുടെ നേതൃത്വത്തില്‍ തിരുത്തല്‍ വാദികള്‍ കോണ്‍ഗ്രസില്‍ രൂപം കൊള്ളുന്നത്. അക്കാലത്തെ കരുത്തരായ ജി.കാര്‍ത്തികേയന്‍, രമേശ് ചെന്നിത്തല, എം.ഐ.ഷാനവാസ് എന്നിവര്‍ കരുണാകരനെതിരെ തെരഞ്ഞപ്പോള്‍ കോണ്‍ഗ്രസിലെ എ വിഭാഗം ഇവര്‍ക്ക് പരോക്ഷ പിന്തുണ നല്‍കി.
ALSO READ ബെംഗളൂരുവില്‍ ഭൂചലനം, റിക്‌ടർ സ്കെയിലില്‍ 3.3 രേഖപ്പെടുത്തി
അന്ന് പി.ടി.തോമസ് എ വിഭാഗത്തിന്‍റെ കരുത്തനായ പോരാളി. സ്വന്തം മകനെ രാഷ്‌ട്രീയത്തിലേക്കുയര്‍ത്താന്‍ കെ.കരുണാകരന്‍ നടത്തുന്ന കുറുക്കുവഴികള്‍ക്കെതിരെയായിരുന്നു തിരുത്തല്‍ വാദികളുടെ രംഗ പ്രവേശം. അക്കാലത്തു നടന്ന കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ കെ.കരുണകരനെ സാക്ഷിയാക്കി പി.ടി.തോമസ്, കെ.മുരളീധരനെതിരെ ആഞ്ഞടിച്ചു.