തിരുവനന്തപുരം: സ്വന്തം പാര്‍ട്ടിക്കാരെ ജോലിക്കു കയറ്റാന്‍ സിപിഎം ജില്ല സെക്രട്ടറിക്ക് കത്തു നല്‍കിയ സംഭവത്തില്‍ തിരുവനന്തപുരം മേയര്‍ക്കെതിരെ വിജിലന്‍സിലും സംസ്ഥാന തെരഞ്ഞെടുപ്പു കമ്മിഷനിലും കോണ്‍ഗ്രസ് പരാതി നല്‍കി. മേയര്‍ എന്ന ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌ത് ജീവനക്കാരെ നിയമിക്കാന്‍ ജില്ല സെക്രട്ടറിക്ക് കത്തു നല്‍കിയതിലൂടെ ആര്യ രാജേന്ദ്രന് മേയര്‍ സ്ഥാനത്തും കൗണ്‍സിലര്‍ സ്ഥാനത്തും തുടരാന്‍ അര്‍ഹത നഷ്‌ടപ്പെട്ടു എന്നു ചൂണ്ടിക്കാട്ടി യൂത്ത് കോണ്‍ഗ്രസ് ദേശീയ കോ ഓര്‍ഡിനേറ്റര്‍ ജെഎസ് അഖില്‍ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി.
സത്യപ്രതിജ്ഞ ലംഘനമെന്ന് പരാതി: ഭീതിയോ പ്രീതിയോ വിദ്വേഷമോ പക്ഷപാതമോ കൂടാതെ തന്‍റെ പരിഗണനയ്ക്കു വരുന്ന കാര്യങ്ങളില്‍ തീരുമാനമെടുക്കും എന്ന തെരഞ്ഞെടുപ്പ് കമ്മിഷന്‍ അനുശാസിക്കുന്ന സത്യപ്രതിജ്ഞ വാചകത്തിന്‍റെ ലംഘനം കൂടിയാണിതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഷാജഹാന് നല്‍കിയ കത്തില്‍ അഖില്‍ ചൂണ്ടിക്കാട്ടി. അതേസമയം അഴിമതിയും സ്വജന പക്ഷപാതവും സത്യപ്രതിജ്ഞ ലംഘനവും നടത്തിയ മേയര്‍ക്കെതിരെ അന്വേഷണം നടത്തണം എന്നാവശ്യവെട്ട് കോണ്‍ഗ്രസ് നേതാവും മുന്‍ കൗണ്‍സിലറുമായ ജിഎസ് ശ്രീകുമാര്‍ വിജിലന്‍സ് ഡയറക്‌ടര്‍ക്ക് പരാതി നല്‍കി.