തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും നടത്തുന്ന ചോദ്യോത്തര പരിപാടി വെറും നാടകമാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാക്കള്‍. കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടത് ചോദ്യമല്ല, ഉത്തരങ്ങളാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി അമിത് ഷായ്‌ക്കും ഒന്നിനും ഉത്തരമില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ചോദ്യത്തിലുന്നയിച്ചിട്ടുള്ള കുറ്റകൃത്യങ്ങള്‍ക്ക് നടപടി വേണമെന്നും പരസ്പരമുള്ള ഈ ചോദ്യോത്തര പംക്തി ജനങ്ങളെ കബളിപ്പിക്കാനാണെന്നും അദ്ദേഹം ആരോപിച്ചു. ഇവിടെ മത്സരം എല്‍.ഡി.എഫും എന്‍.ഡി.എയും തമ്മിലാണെന്ന കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പരാമര്‍ശം ആര്‍ക്ക് വേണ്ടിയാണെന്നും ഉമ്മൻ ചാണ്ടി ചോദിച്ചു. ഇവിടെ ആരൊക്കെ തമ്മിലാണ് മത്സരമെന്ന് ഏതു കൊച്ചു കുട്ടിക്കുമറിയാമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.
മുഖ്യമന്ത്രിയും അമിത് ഷായും തമ്മിലുള്ള ചോദ്യോത്തര പരിപാടി വെറും നാടകമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ - പിണറായി വിജയൻ
സി.പി.എമ്മിനും ബി.ജെ.പിക്കും എതിരെയാണ് കോൺഗ്രസ് നേതാക്കൾ ആരോപണം ഉന്നയിച്ചത്
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ദൂരൂഹ കെലാപാതകം ഏതെന്ന് കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷാ വ്യക്തമാക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. അങ്ങനെ കൊലപാതകം നടന്നിട്ടുണ്ടോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അതല്ലാതെ പരാതി കിട്ടിയാല്‍ അന്വേഷിക്കുമെന്നല്ല മുഖ്യമന്ത്രി പറയേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര ആഭ്യന്ത്രമന്ത്രിക്ക് അത്തരത്തില്‍ ഒരു വിവരം ലഭിച്ചിട്ടുണ്ടെങ്കില്‍ അക്കാര്യം കേരളത്തിലെ ജനങ്ങളോടു തുറന്നു പറയണം. വര്‍ഗീയതയുടെ ആള്‍രൂപമായ അമിത് ഷാ കേരളത്തില്‍ വന്ന് മാലാഖ ചമയേണ്ടതില്ലെന്നും ഗുജറാത്ത് കലാപം ആസൂത്രണം ചെയ്ത അമിത് ഷായുടെ ഗിരിപ്രഭാഷണം കേരളത്തില്‍ ചെലവാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബി.ജെ.പിക്ക് ഇവിടെ ഒരു സീറ്റു പോലും ലഭിക്കാന്‍ പോകുന്നില്ല. മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും മന്ത്രിമാര്‍ക്കും എതിരെ 164 പ്രകാരം മൊഴി ലഭിച്ചിട്ടും എന്തുകൊണ്ട് അന്വേഷണം നടക്കുന്നില്ലെന്ന് അമിത് ഷാ വ്യക്തമാക്കണം. ഇത് സി.പി.എം-ബി.ജെ.പി അവിഹിത കൂട്ടുകെട്ടാണെന്നും ചെന്നിത്തല ആരോപിച്ചു.
സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള അന്തര്‍ധാര വെളിവായിക്കൊണ്ടിരിക്കുന്നതിന്‍റെ ജാള്യത മറയ്‌ക്കലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ ധര്‍മ്മടം ധര്‍മ്മഭാഷണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ഇതിന്‍റെ മറ്റൊരു രൂപമാണ് ശംഖുമഖത്തെ അമിത് ഷായുടെ പ്രസംഗമെന്നും ചോദ്യങ്ങള്‍ ഇരുവരും പരസ്പരം അറിഞ്ഞു കൊണ്ട് ഉന്നയിക്കുന്നതാണെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തിലെത്തുമ്പോഴെല്ലാം നരേന്ദ്രമോദിയും പിണറായി വിജയനും പരസ്പരം പ്രകീര്‍ത്തിക്കുന്ന കാഴ്ച കേരള ജനത എത്രയോ തവണ കണ്ടതാണെന്നും കണ്ണൂര്‍ വിമാനത്താവളം ഔദ്യോഗികമായി തുറന്നു കൊടുക്കും മുന്‍പ് അവിടെ അമിത് ഷായ്ക്ക് ചുവപ്പു പരവതാനി വിരിച്ചതാരാണെന്ന് കേരളത്തിലെ ജനങ്ങള്‍ക്കറിയാമെന്നും മുല്ലപ്പള്ളി പറഞ്ഞു.