തിരുവനന്തപുരം :കന്യാകുമാരിയില്‍ നിന്ന് കശ്‌മീരിലേക്ക് കോണ്‍ഗ്രസ് നേതാവ്രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ സെപ്‌റ്റംബര്‍ ഏഴിന് ആരംഭിച്ച ഭാരത് ജോഡോ യാത്ര ഇന്ന് (10.09.22) വൈകിട്ട് കേരളത്തില്‍ പ്രവേശിക്കും. സെപ്‌റ്റംബര്‍ 11 മുതല്‍ 29 വരെ പദയാത്ര കേരളത്തില്‍ പര്യടനം നടത്തും. കേരള-തമിഴ്‌നാട് അതിര്‍ത്തിയായ പാറശ്ശാലയില്‍ നിന്ന് രാവിലെ ഏഴിനാണ് യാത്ര ആരംഭിക്കുക.
കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവര്‍ ചേര്‍ന്ന് യാത്രയ്ക്ക് സ്വീകരണം നല്‍കും. കേരളത്തില്‍ ഏഴ് ജില്ലകളിലൂടെയാണ് ഭാരത് ജോഡോ യാത്ര കടന്നുപോവുക. രാവിലെ ഏഴ് മണി മുതല്‍ 11 മണി വരെയും വൈകിട്ട് നാല് മണി മുതല്‍ ഏഴ് മണി വരെയുമാണ് യാത്ര.