കോൺഗ്രസ്- കെ.എസ്.യു പ്രവർത്തകർ പരസ്‌പരം ഏറ്റുമുട്ടി - തിരുവനന്തപുരം
ഡി.സി.സി ജനറൽ സെക്രട്ടറി ഇ. റിഹാസിന്‍റെയും കെ.എസ്.യു സംസ്ഥാന സെക്രട്ടറി നബീൽ കല്ലമ്പലത്തിന്‍റെയും അനുയായികളാണ് പട്ടാപ്പകൽ ഏറ്റുമുട്ടിയത്.
തിരുവനന്തപുരം: ആറ്റിങ്ങലിൽ കോൺഗ്രസ്- കെ.എസ്.യു പ്രവർത്തകർ തമ്മിൽ വാക്പോരും കയ്യാങ്കളിയും. ഡി.സി.സി ജനറൽ സെക്രട്ടറി ഇ. റിഹാസിന്‍റെയും കെ.എസ്.യു സംസ്ഥാന സെക്രട്ടറി നബീൽ കല്ലമ്പലത്തിന്‍റെയും അനുയായികളാണ് കഴിഞ്ഞ ദിവസം പട്ടാപ്പകൽ ഏറ്റുമുട്ടിയത്. വർക്കലയിൽ നടന്ന പരിസ്ഥിതി ദിനാഘോഷ ചടങ്ങിനെ ചൊല്ലി റിഹാസും നബീലും തമ്മിലുള്ള തർക്കമാണ് കയ്യാങ്കളിയിൽ കലാശിച്ചത്. റിഹാസ് അനുകൂലികൾ നബീലിന്‍റെ വീടിനു നേരെ ആക്രമണം നടത്തുകയായിരുന്നുവെന്നാണ് പരാതി. 20 പേരോളമുള്ള സംഘം കല്ലും കമ്പുകളും വീടിനു നേരെ വലിച്ചെറിയുകയായിരുന്നു. വീട് ആക്രമിക്കാൻ ശ്രമിച്ചതിനെതിരെ നബീൽ പൊലീസിൽ പരാതി നൽകി. വർക്കലയിൽ നടന്ന പരിസ്ഥിതി ദിനാഘോഷ ചടങ്ങിൽ നിന്ന് റിഹാസിനെ ഒഴിവാക്കിയതാണ് ആക്രമണത്തിന് കാരണമെന്നാണ് ആരോപണം.