തിരുവനന്തപുരം:മെഡിക്കൽ സർവീസ് കോർപ്പറേഷൻ്റെ ഗോഡൗണുകളിൽ നിരന്തരം ഉണ്ടാക്കുന്ന തീപിടിത്തത്തിൽ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കൊവിഡ് കാലത്ത് മരുന്നും മറ്റ് മെഡിക്കൽ ഉപകരണങ്ങൾ വാങ്ങിയതിന്‍റെ പേരിൽ അഴിമതി നടന്നു എന്ന ആരോപണത്തിൽ ലോകായുക്ത അന്വേഷണം നടക്കുകയാണ്. ഇതിനിടയിലാണ് ഗോഡൗണുകളിൽ തീപിടിത്തം ഉണ്ടാകുന്നത്.
'നേരത്തെ കൊല്ലത്ത് ഗോഡൗണിൽ തീപിടിത്തം ഉണ്ടായിരുന്നു. ബ്ലീച്ചിങ് പൗഡറില്‍ നിന്ന് തീ പിടിച്ചു എന്നായിരുന്നു അന്ന് നൽകിയ വിശദീകരണം. ഇതേ വിശദീകരണമാണ് ഇപ്പോൾ തിരുവനന്തപുരത്തെ തീപിടിത്തത്തിലും നൽകിയിരിക്കുന്നത്. ഇത് അവിശ്വസനീയമാണ്. മരുന്നടക്കം സൂക്ഷിക്കുന്ന ഗോഡൗണിൽ തീപിടിത്തം ഉണ്ടാകാതിരിക്കാനുള്ള ക്രമീകരണങ്ങൾ ഒരുക്കേണ്ടതാണ്. ഇത് ഒരുക്കിയില്ലെങ്കിൽ അധികൃതരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്‌ചയാണ് ഉണ്ടായിരിക്കുന്നത്', തീപിടിത്തത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സതീശൻ പറഞ്ഞു.
മെഡിക്കൽ സർവീസ് കോർപ്പറേഷൻ നടത്തിപ്പിൽ സർക്കാരിന്‍റെ ഭാഗത്തുനിന്ന് ഗൗരവമായ വീഴ്‌ചയാണ് ഉണ്ടാകുന്നതെന്നും. രണ്ടു വർഷത്തിനിടെ ഒമ്പത് എംഡിമാരാണ് ഇവിടെ ജോലി ചെയ്‌തതെന്നും കോർപ്പറേഷൻ വലിയ രീതിയിൽ മരുന്നുകൾ വാങ്ങിക്കൂട്ടി അഴിമതി നടത്തുകയാണെന്നും സതീശൻ ആരോപിച്ചു. ഒരു വലിയ സംഘം തന്നെ ഇത്തരം അഴിമതികൾ നടത്താനായി പ്രവർത്തിക്കുന്നുണ്ട്. ഇത് കാരണമാണ് ഉദ്യോഗസ്ഥർ ഇവിടെ നിന്നും ഓടി രക്ഷപ്പെടുന്നത്. കൃത്യസമയത്ത് ആവശ്യമുള്ള മരുന്നുകൾ വാങ്ങാതെ അഴിമതി നടത്താൻ സഹായകമായ കമ്പനിയുടെ മരുന്നുകൾ മാത്രം വാങ്ങുകയാണ്. കൃത്യമായ അന്വേഷണം നടന്നാൽ പല ഉന്നതരും കുടുങ്ങുമെന്നും അദ്ദേഹം പറഞ്ഞു.