തിരുവനന്തപുരം:അശ്ലീല വീഡിയോ വിവാദത്തിൽ സിപിഎം നേതാവ് എ പി സോണയ്‌ക്കെതിരെ ഡിജിപിക്കും വനിത കമ്മിഷനും പരാതി. മഹിള കോൺഗ്രസ് അധ്യക്ഷ ജെബി മേതറാണ് പരാതി നൽകിയത്. ചങ്ങാത്തം സ്ഥാപിച്ചാണ് സ്ത്രീകളെ ദുരുപയോഗം ചെയ്‌തത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ചൂഷണം ചെയ്‌തെന്നും പരാതിയുണ്ട്. അതിനാൽ, പോക്സോ കേസ് ചുമത്തണമെന്നാണ് ആവശ്യം.
അശ്ലീല വീഡിയോ വിവാദം: സിപിഎം നേതാവ് എ പി സോണയ്‌ക്കെതിരെ ഡിജിപിക്ക് പരാതി - സിപിഎം നേതാവ് സോണയ്‌ക്കെതിരെ ആരോപണം
മഹിള കോൺഗ്രസ് അധ്യക്ഷ ജെബി മേതറാണ് പരാതി നൽകിയത്. വനിത കമ്മിഷനും പരാതി നൽകിയിട്ടുണ്ട്. പാർട്ടിയിൽ തന്നെ പരാതി ഉന്നയിച്ച പലരും പിന്നീട് പരാതി പിൻവലിച്ചത് സംഭവത്തിന്‍റെ ദുരൂഹത വർധിപ്പിക്കുന്നുവെന്ന ആരോപണവും ഉയർന്നുവരുന്നുണ്ട്.

കഴിഞ്ഞ മാസമായിരുന്നു സിപിഎം നേതാവ് സോണയ്‌ക്കെതിരെ ആരോപണം ഉയർന്നത്. സിപിഎമ്മിന്‍റെ ആലപ്പുഴ ഏരിയ കമ്മിറ്റി അംഗമായിരുന്ന എ പി സോണ പാർട്ടി അനുഭാവികളായ സ്ത്രീകളുമായി ചങ്ങാത്തം സ്ഥാപിച്ച് അവരുടെ അശ്ലീല ദൃശ്യങ്ങൾ പകർത്തുന്നതായും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടന്ന് പിടിച്ചെന്നുമായിരുന്നു പാർട്ടിയിൽ ഉയർന്നുവന്ന പരാതി. തുടർന്ന് പാർട്ടി അന്വേഷണം നടത്തുകയും ചെയ്‌തു. എന്നാൽ പരാതി നൽകിയ സ്ത്രീകളിൽ പലരും പിന്നീട് മൊഴി മാറിയതിനാൽ പാർട്ടിയിൽ നിന്നും ഇയാൾക്കെതിരെ നടപടി സ്വീകരിച്ചിരുന്നില്ല.
അതേസമയം, ഇത്ര ഗുരുതരമായ ആരോപണം ഉയർന്ന സാഹചര്യത്തിൽ പാർട്ടിയല്ല അന്വേഷണം നടത്തേണ്ടതെന്നും വിഷയത്തിൽ പൊലീസ് അന്വേഷണം വേണമെന്നുമാണ് ജെബി മേതറുടെ പരാതി.