തിരുവനന്തപുരം:കേരളത്തിലെ തീരപ്രദേശങ്ങളിലെ തീരശോഷണവും കടലാക്രമണവും തടയാന്‍ സമഗ്രപദ്ധതി തയാറാക്കുന്നതിന്‍റെ ഭാഗമായുള്ള ശാസ്ത്രീയ പഠനത്തിന് ചെന്നൈ നാഷണല്‍ സെന്‍റർ ഫോര്‍ കോസ്റ്റല്‍ റിസര്‍ച്ചുമായി (NCCR) സംസ്ഥാന ജലവിഭവ വകുപ്പ് ധാരണാപത്രം ഒപ്പിട്ടു. അറബിക്കടലില്‍ ആവര്‍ത്തിച്ചു രൂപംകൊള്ളുന്ന ചുഴലിക്കാറ്റുകളുടെയും ആഗോളതാപനത്തിന്‍റെയും പ്രത്യാഘാതങ്ങളുടെയും പശ്ചാത്തലത്തില്‍ രണ്ടു വര്‍ഷം തുടര്‍ച്ചയായി തീരത്തുണ്ടാകുന്ന മാറ്റങ്ങള്‍ നിരീക്ഷിച്ച് പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിന് ലക്ഷ്യമിട്ടിട്ടുള്ളതാണ് പഠനം.
ALSO READ:ഒമിക്രോണ്‍: ലോകരാജ്യങ്ങളുടെ നിയന്ത്രണം നീതിരഹിതമെന്ന് ദക്ഷിണാഫ്രിക്ക: Omicron Covid variant
തീരശോഷണം കൂടുതലുള്ള പത്ത് ഹോട്ട്‌സ്പോട്ടുകള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും പഠനം നടത്തുന്നതെങ്കിലും സംസ്ഥാനത്തെ ഇതര പ്രദേശങ്ങളെക്കുറിച്ചുള്ള പഠനം നടത്തുന്നതിനുള്ള വ്യവസ്ഥകളും ധാരണാപത്രത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. കാലവര്‍ഷത്തെ തുടര്‍ന്നുണ്ടാകുന്ന കടലാക്രമണം തടയുന്നതിനുള്ള നിര്‍ദേശങ്ങള്‍ സമയബന്ധിതമായി ലഭ്യമാക്കുന്നതിനും എന്‍സിസിആര്‍ സഹായം ഉറപ്പാക്കാനും ധാരണാപത്രത്തിലൂടെ കഴിയും.
സംസ്ഥാനം നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നായ തീരശോഷണം തടയുന്നതിനുള്ള സുസ്ഥിരമായ പരിഹാരമാര്‍ഗങ്ങള്‍ മുന്നോട്ടു വയ്ക്കുന്നതിന് ഈ പഠനത്തിലൂടെ സാധിക്കും. തീരശോഷണം തടയുന്നതിനുള്ള ആധുനിക മോഡല്‍ പഠന സങ്കേതങ്ങളെക്കുറിച്ച് ജലസേചന വകുപ്പ് ജീവനക്കാര്‍ക്ക് ആവശ്യമായ പരിശീലനം സൗജന്യമായി നല്‍കണമെന്നും കരാറില്‍ വ്യവസ്ഥയുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍, ജലവിഭവ വകുപ്പ് സെക്രട്ടറി പ്രണബ് ജ്യോതിനാഥ് ഐഎഎസ്, എന്‍സിസിആര്‍ ഡയറക്ടര്‍ ഡോ. രമണമൂര്‍ത്തി, ഡോ. കണ്‍കാര എന്നിവര്‍ പങ്കെടുത്തു.