തിരുവനന്തപുരം: സഹകരണ അംഗ സമാശ്വാസ പദ്ധതിയുമായി സഹകരണ വകുപ്പ്. ഗുരുതര രോഗം ബാധിച്ചവര്‍ക്ക് 50,000 രൂപ വരെ തിരിച്ചടയ്‌ക്കേണ്ടതില്ലാത്ത സഹായ പദ്ധതിയാണ് സഹകരണ വകുപ്പ് ലക്ഷ്യംവെക്കുന്നത്. മൂന്ന് ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ള ദീര്‍ഘകാല അംഗങ്ങളായ കിടപ്പുരോഗികള്‍ക്കും മാരകരോഗബാധിതര്‍ക്കുമാണ് സഹായം ലഭിക്കുക. സെപ്‌തംബര്‍ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആദ്യ ഘട്ട ധനസഹായം വിതരണം ചെയ്യുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രഖ്യാപിച്ചു.
സഹകാരികള്‍ക്ക് സമാശ്വാസ പദ്ധതിയുമായി സഹകരണ വകുപ്പ്
ദീര്‍ഘകാല അംഗങ്ങളായ കിടപ്പുരോഗികള്‍ക്കും മാരകരോഗബാധിതര്‍ക്കുമാണ് സഹായം ലഭിക്കുക
വാഹനാപകടത്തില്‍ അംഗവൈകല്യം സംഭവിച്ചവർ, പ്രകൃതിദുരന്തങ്ങളിൽ വീടും സ്വത്തും നഷ്ടപ്പെട്ടവർ, മാതാപിതാക്കൾ എടുത്ത വായ്‌പ ബാധ്യതകള്‍ ഉള്ള കുട്ടികൾ തുടങ്ങിയവർക്കും ധനസഹായം ലഭ്യമാക്കും. ഗ്രാൻ്റുകൾ, സംഭാവനകൾ, സർക്കാർ വിഹിതം എന്നിവയടക്കം ലഭിച്ച 26.79 കോടി രൂപയാണ് പദ്ധതിക്കായി നീക്കിവെച്ചിട്ടുള്ളത്. 2018 ജൂണിലാണ് പദ്ധതി തയ്യാറാക്കിയത്. തുടർ പദ്ധതിയായതിനാൽ എപ്പോൾ വേണമെങ്കിലും അപേക്ഷ സമർപ്പിക്കാം. വരുമാന സർട്ടിഫിക്കറ്റ്, മെഡിക്കൽ റിപ്പോർട്ട്, തിരിച്ചറിയൽ രേഖകൾ എന്നിവ സഹിതമാണ് അപേക്ഷിക്കേണ്ടത്. അപേക്ഷാ ഫോറം സഹകരണ വകുപ്പിൻ്റെ വെബ്‌സൈറ്റിലും സഹകരണ ഓഫീസുകളിലും ലഭ്യമാണ്. എന്നാല്‍ പുതിയതായി ചേരുന്ന അംഗങ്ങൾക്ക് പദ്ധതിയിൽ നിന്ന് സഹായം ലഭിക്കില്ല. എല്ലാവർക്കും ഈ സഹായം ലഭിക്കുമെന്ന് സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചരണം നടത്തിയ പശ്ചാത്തലത്തിലാണ് വിശദീകരണം നൽകുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.