തിരുവനന്തപുരം:കെഎസ്ആർടിസിയിലെ (KSRTC) ശമ്പള വിതരണത്തിന് ധനവകുപ്പ് 30 കോടി നൽകിയാലും പ്രശ്‌നം പരിഹരിക്കാൻ കഴിയില്ലെന്ന് സിഎംഡി ബിജു പ്രഭാകർ. പകുതി ശമ്പളം കൊടുക്കാൻ 39 കോടി രൂപ വേണം. ബാക്കി തുകയ്ക്ക് എന്തു ചെയ്യണമെന്ന് അറിയില്ലെന്നും ബിജു പ്രഭാകർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഇക്കാര്യത്തിൽ ഒന്നും ഒളിക്കാനില്ല. ശമ്പളം മുടങ്ങുന്നത് ദുഃഖകരമായ അവസ്ഥയാണ്. കോടതിയിൽ നേരിട്ട് ഹാജരായി കാര്യങ്ങൾ ബോധ്യപ്പെടുത്തും. ഓൺലൈൻ വഴി ഹാജരാകാനാണ് ഹൈക്കോടതി ആവശ്യപ്പെട്ടത്. ഡീസൽ മോഷ്‌ടിക്കുന്നവർക്കും കളളത്തരം കാണിക്കുവർക്കുമാണ് എംഡി ഒരു പ്രശ്‌നം. ചില ഉദ്യോഗസ്ഥർ മുൻഗണന നൽകാത്തതാണ് ഈ മാസത്തെ ശമ്പളം വൈകാൻ കാരണമെന്നും ബിജു പ്രഭാകർ പറഞ്ഞു.
ജൂലൈ 14 കഴിഞ്ഞിട്ടും ജൂൺ മാസത്തെ ശമ്പളത്തിന്‍റെ ആദ്യ ഗഡു പോലും കെഎസ്ആർടിസി ജീവനക്കാർക്ക് നൽകാത്തതിൽ പ്രതിഷേധിച്ച് തൊഴിലാളി സംഘടനയായ ടിഡിഎഫ് (TDF) നേതൃത്വത്തിൽ ബിജു പ്രഭാകറിന്‍റെ തിരുമലയിലുള്ള വസതിയിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. വർക്കിങ് പ്രസിഡന്‍റ് എം വിൻസന്‍റ് എംഎൽഎയുടെ നേതൃത്വത്തിലായിരുന്നു പ്രകടനം. കെഎസ്ആർടിസിയെ നശിപ്പിക്കാനാണ് മാനേജ്‌മെന്‍റ് ശ്രമമെന്ന് വിൻസെന്‍റ് ആരോപിച്ചു.
ശമ്പളം നൽകാതെ സിഎംഡി ഒളിച്ചു കളിക്കുകയാണ്. ജീവനാക്കാർ ബുദ്ധിമുട്ടിലാണ്. 195 കോടി രൂപയാണ് കഴിഞ്ഞ മാസത്തെ വരുമാനം. എന്നിട്ടാണ് സർക്കാർ ധനസഹായം ലഭിച്ചിട്ട് ശമ്പളം നൽകാം എന്നുപറയുന്നത്. കോടതി പറഞ്ഞിട്ട് പോലും മാനേജ്‌മെന്‍റ് കേൾക്കുന്നില്ല.
ജീവനക്കാരുടെ ബുദ്ധിമുട്ട് കോടതിക്ക് മനസിലായി. എന്നാൽ സിഎംഡിക്കു മാത്രം മനസിലാകില്ല. ഗതാഗത വകുപ്പ് മന്ത്രി ധനവകുപ്പിനെ പഴിചാരുകയാണ്.