തിരുവനന്തപുരം: കെഎസ്ആർടിസി കാട്ടാക്കട ഡിപ്പോയിൽ പിതാവിനും മകൾക്കും മർദനമേറ്റ സംഭവത്തിൽ കാരണക്കാരായ ജീവനക്കാർക്കെതിരെ രൂക്ഷ വിമർശനവുമായി സിഎംഡി ബിജു പ്രഭാകർ. സംഭവത്തിൽ ഉൾപ്പെട്ടിട്ടുള്ള ജീവനക്കാരെ പോലെ വളരെ ചുരുക്കം ചില മാനസിക വിഭ്രാന്തിയുള്ള ജീവനക്കാരാണ് കെഎസ്ആർടിസിയുടെ അടിസ്ഥാനപരമായ പ്രശ്‌നം. അത്തരക്കാരെ മാനേജ്മെന്‍റ് സംരക്ഷിക്കുകയോ വച്ചുപൊറുപ്പിക്കുകയോ ചെയ്യില്ലെന്നും ബിജു പ്രഭാകർ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
ഇത് തന്നെയാണ് ഗതാഗത മന്ത്രിയുടെയും സർക്കാരിന്‍റെയും നിലപാട്. ഇങ്ങനെയുള്ള കളകളെ പറിച്ച് കളയണമെന്നാണ് സർക്കാർ നൽകിയ നിർദേശം. സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കും. ജീവനക്കാരുടെ മർദനമേറ്റ പിതാവിനോടും മകളോടും മാപ്പ് ചോദിക്കുന്നതായും എംഡി ബിജു പ്രഭാകർ കുറിപ്പിൽ പറഞ്ഞു.