തിരുവനന്തപുരം:സംസ്ഥാനത്തെ മുഴുവന്‍ നിരീക്ഷണ കാമറകളും പ്രവര്‍ത്തനക്ഷമമാക്കാന്‍ അടിയന്തര നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസിന്‍റെ കാമറകളുമായി ബന്ധപ്പെട്ട യോഗത്തിലാണ് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്. കേടായ കാമറകള്‍ നന്നാക്കുകയും പഴയ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന പ്രവര്‍ത്തനക്ഷമമല്ലാത്ത കാമറകള്‍ മാറ്റി ഏറ്റവും ആധുനികമായവ സ്ഥാപിക്കുകയും ചെയ്യും.
അമിത വേഗത, ട്രാഫിക്ക് നിയമ ലംഘനങ്ങള്‍ എന്നിവ നിരീക്ഷിക്കുന്നതിനുള്ള പൊലീസ് കാമറകളുടെ പ്രവര്‍ത്തനം ഉറപ്പ് വരുത്താനാണ് നിര്‍ദേശം. പ്രധാന റോഡുകള്‍ നിര്‍മിക്കുമ്പോള്‍ ആസൂത്രണ ഘട്ടത്തില്‍ തന്നെ കാമറകള്‍ സ്ഥാപിക്കാനുള്ള പദ്ധതിയും ഉറപ്പാക്കണം. നിശ്ചിത എണ്ണത്തിന് മുകളില്‍ ഉപഭോക്താക്കള്‍ എത്തുന്ന മുഴുവന്‍ സ്ഥാപനങ്ങളിലും സിസിടിവി കാമറകള്‍ സ്ഥാപിക്കണം.