കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത് ആറ് പേര്‍ക്ക് കൂടി കൊവിഡ് - മുഖ്യമന്ത്രി പിണറായി വിജയന്‍

cm press meet  മുഖ്യമന്ത്രി പിണറായി വിജയന്‍  മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം
സംസ്ഥാനത്ത് ആറ് പേര്‍ക്ക് കൂടി കൊവിഡ്

By

Published : Mar 28, 2020, 6:07 PM IST

Updated : Mar 28, 2020, 7:59 PM IST

18:00 March 28

ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 165

സംസ്ഥാനത്ത് ആറ് പേര്‍ക്ക് കൂടി കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ആറ് പേര്‍ക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് രണ്ട് പേര്‍ക്ക്, കൊല്ലം, പാലക്കാട്, മലപ്പുറം, കാസര്‍കോട് എന്നിവിടങ്ങളില്‍ ഓരോത്തര്‍ക്ക് വീതം എന്നിങ്ങനെയാണ് രോഗബാധ. നാല് പേര്‍ക്ക് രോഗം ഭേദമായി. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 165 ആയി. 148 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 1,34,370 പേര്‍ നിലവില്‍ നിരീക്ഷണത്തിലാണ്. 6,067 സാമ്പിളുകൾ ഇതുവരെ പരിശോധിച്ചു. ഇതില്‍ 5,276 പേരുടെ ഫലം നെഗറ്റീവാണ്. സമൂഹവ്യാപനമുണ്ടാകുന്നുണ്ടോയെന്ന് ഗൗരവതരമായി പരിശോധിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കൊവിഡ് രോഗബാധിതനായിരുന്ന എറണാകുളം സ്വദേശിയുടെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തിയായിരുന്നു മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം ആരംഭിച്ചത്. അദ്ദേഹത്തിന്‍റെ ജീവന്‍ രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

സംസ്ഥാനത്തെ എന്‍ട്രന്‍സ് പരീക്ഷ മാറ്റിവെച്ചു. വേഗത്തില്‍ ഫലമറിയാന്‍ റാപിഡ് ടെസ്റ്റ് നടത്തും. മാസ്‌ക്കുകളും ഉപകരണങ്ങളും നിര്‍മിക്കാന്‍ പ്രത്യേക സംവിധാനം തുടങ്ങും. അവശ്യസര്‍വീസായ പത്രവിതരണം ആരും തടസപ്പെടുത്തരുത്. പത്രവിതരണത്തിന് പൊതുജനം സഹകരിക്കണം. സംസ്ഥാനത്ത് ഇതുവരെ 1,059 സമൂഹ അടുക്കളകൾ ആരംഭിച്ചു. സമൂഹ അടുക്കളകൾ ആൾക്കൂട്ടമാക്കി മാറ്റരുത്. ഓണ്‍ലൈന്‍ മുഖേന അവശ്യസാധനങ്ങൾ വീട്ടിലെത്തിക്കാന്‍ ശ്രമിക്കും. മൂന്ന് മാസത്തേക്കുള്ള ഭക്ഷ്യധാന്യം സംഭരിക്കും. അതിര്‍ത്തി റോഡുകൾ തുറക്കുന്ന കാര്യത്തില്‍ കര്‍ണാടക സഹകരിക്കുന്നില്ല. പ്രശ്‌നം പരിഹരിക്കാൻ ആവശ്യമെങ്കിൽ പ്രധാനമന്ത്രിയോട് തന്നെ ഇടപെടാൻ അഭ്യർഥിക്കും. കര്‍ണാടക മുഖ്യമന്ത്രിയെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അതിന് ഇതുവരെ സാധിച്ചിട്ടില്ല. മംഗളൂരുവിലേക്കുള്ള ഗതാഗതം സാധ്യമാക്കേണ്ടത് അനിവാര്യമാണ്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയെ വിവരമറിയിച്ചിട്ടുണ്ട്. മംഗലാപുരത്ത് ഡയാലിസിസ് നടത്തുന്ന കാസർകോട് സ്വദേശികളെ പ്രത്യേക ആംബുലൻസിൽ അവിടെയെത്തിച്ച് ഡയാലിസിസിന് അവസരമൊരുക്കണമെന്ന ആവശ്യം കർണാടക സർക്കാരിനെ അറിയിച്ചിട്ടുണ്ട്. 

ഇന്ന് രോഗബാധിതരുടെ എണ്ണം കുറഞ്ഞുവെന്നത് കൊണ്ടുമാത്രം ആശങ്ക ഒഴിവാകുന്നില്ല. വീട്ടിലിരിക്കുന്നവരുടെ മാനസിക സമര്‍ദം കുറക്കാന്‍ കൗണ്‍സിലിങ്ങുകൾ നടത്തും. ബ്രേക്ക് കൊറോണ പദ്ധതി ആരംഭിച്ചു. സ്റ്റാര്‍ട്ട് അപ് മിഷനുമായി ചേര്‍ന്ന് കൊവിഡിനെ പ്രതിരോധിക്കാന്‍ പൊതുജനങ്ങൾക്ക് ആശയങ്ങൾ പങ്കുവെക്കാം. സംസ്ഥാനത്തേക്ക് മരുന്നുകൾ എത്തിക്കാന്‍ എയര്‍ ഏഷ്യക്ക് അനുമതി ലഭിച്ചിട്ടുണ്ട്. ദേശീയമൊത്തക്കച്ചവടക്കാരുമായി ചേര്‍ന്ന് അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കും. ഭക്ഷ്യവസ്തുക്കളുടെ കാര്യത്തിൽ ഒരു ആശങ്കയും വേണ്ട. ഇവ റോഡ്-റെയിൽ-കപ്പൽ മാർഗങ്ങളിലൂടെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമെത്തിക്കാന്‍ നടപടി സ്വീകരിക്കും. ഏപ്രില്‍ ഒന്ന് മുതല്‍ റേഷന്‍ വിതരണം ആരംഭിക്കും. സൗജന്യകിറ്റുകൾ വേണ്ടാത്തവര്‍ ഇക്കാര്യം അറിയിക്കണം. ഇത് അര്‍ഹതപ്പെട്ടവര്‍ക്ക് എത്തിക്കാന്‍ സാധിക്കും. ഏപ്രില്‍ രണ്ട് മുതല്‍ സര്‍വീസ് പെന്‍ഷനുകൾ നല്‍കി തുടങ്ങും. രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് വരെ ട്രഷറി പ്രവര്‍ത്തിക്കും. തിരക്ക് നിയന്ത്രിക്കാന്‍ സംവിധാനമൊരുക്കും. ഡോക്‌ടറുടെ നിര്‍ദേശമനുസരിച്ച് മദ്യം ലഭിക്കാനുള്ള സംവിധാനമുണ്ടാക്കും. കണ്ണൂരില്‍ ആളുകളെ ഏത്തമിടീച്ചതില്‍ വിശദീകരണം തേടിയിട്ടുണ്ട്. ഇത്തരം പ്രവൃത്തികൾ പൊലീസിന്‍റെ യശസിനെ ബാധിക്കുമെന്നും ഇനി ആവര്‍ത്തിക്കാന്‍ പാടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

Last Updated : Mar 28, 2020, 7:59 PM IST

ABOUT THE AUTHOR

...view details