കളമശ്ശേരി സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തിൽ മാധ്യമങ്ങളോട് മുഖ്യമന്ത്രി സംസാരിക്കുന്നു തിരുവനന്തപുരം :തെറ്റായ പ്രചരണം നടത്തുന്ന ആരായാലും കർക്കശമായ നടപടിയുണ്ടാകുമെന്നും നടന്നത് ഭൗർഭാഗ്യകരമായ സംഭവമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കളമശ്ശേരി സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തിൽ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം (CM Press meet on Kalamassery Blast). അന്വേഷണ ചുമതല ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആർ അജിത് കുമാറിനാണ്.
കൊച്ചി ഡിസിപി ശശിധരൻ ഐപിഎസാണ് അന്വേഷണ ഉദ്യോഗസ്ഥൻ. 20 അംഗങ്ങളുള്ള അന്വേഷണ ടീമിനെയാണ് രൂപീകരിച്ചത്. സംഭവം നടന്നയുടൻ അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മന്ത്രിമാരും ചീഫ് സെക്രട്ടറിയും ഡിജിപിയും അവിടെ എത്തിയിരുന്നു.
നാളെ (ഒക്‌ടോബര്‍ 30) രാവിലെ പത്ത് മണിക്ക് സർവകക്ഷി യോഗം വിളിച്ചിട്ടുണ്ട്. അപ്പോഴേക്കും മറ്റ് കാര്യങ്ങൾ വ്യക്തമാകുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം സ്‌ഫോടനത്തിൽ 2 പേരാണ് മരണപ്പെട്ടത്. 5 പേർ ഗുരുതരമായ സാഹചര്യത്തിലാണ്. 17 പേർ ഐസിയുവിലാണ്. കുറ്റവാളി ആരായാലും രക്ഷപ്പെട്ടുകൂടാ എന്നാണ് നാമെല്ലാം ആഗ്രഹിക്കുന്നത്. മാധ്യമങ്ങൾ പോസിറ്റീവായ നിലപാടാണ് സ്വീകരിച്ചത്. മൊത്തത്തിൽ ആരോഗ്യകരമായ സമീപനമാണ് കേരളം ഇക്കാര്യത്തിൽ സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
"ആഭ്യന്തരവകുപ്പിന്‍റെ ചുമതല കൂടി വഹിക്കുമ്പോഴും അഴിമതി ആരോപണങ്ങളാൽ ഉപരോധിക്കപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്‍റെ ലജ്ജാവഹമായ പ്രീണന രാഷ്ട്രീയത്തിന്‍റെ ഉദാഹരണം കൂടിയാണ് കളമശ്ശേരിയിൽ കണ്ടത്. കേരളത്തിൽ തീവ്രവാദികളായ ഹമാസിന്‍റെ ജിഹാദിന് വേണ്ടിയുള്ള ആഹ്വാനങ്ങൾ നിരപരാധികളായ ക്രിസ്ത്യാനികൾക്ക് നേരെ ആക്രമണങ്ങളും ബോംബ് സ്ഫോടനങ്ങളും നടത്തുമ്പോൾ മുഖ്യമന്ത്രി ഡൽഹിയിൽ ഇസ്രയേലിനെതിരെ പ്രതിഷേധിക്കുന്നുവെന്ന" കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിന്‍റെ പ്രതികരണത്തിനെയും മുഖ്യമന്ത്രി വിമർശിച്ചു.
ഇത് പൂർണ്ണമായും വർഗീയ വീക്ഷണത്തോടുകൂടി വന്നിട്ടുള്ള നിലപാടാണെന്ന് മുഖ്യമന്ത്രി വിമർശിച്ചു. മന്ത്രിസ്ഥാനത്ത് ഇരിക്കുന്ന ഒരാൾ അന്വേഷണ ഏജൻസികളോട് സാധാരണയുള്ള ആദരവ് കാണിക്കണം. ഇപ്പോൾ കേരള പോലീസ് ആണ് അന്വേഷിക്കുന്നതെങ്കിലും കാര്യങ്ങൾ കാണുന്നതിനും പരിശോധിക്കുന്നതിനും കേന്ദ്ര ഏജൻസികൾ കൂടി എത്തിയിട്ടുണ്ടെന്ന് നമ്മൾ കണ്ടതാണ്. വർഗീയ നിലപാടിന്‍റെ ഭാഗമായി പ്രത്യേകം ലക്ഷ്യം വച്ച് കാര്യങ്ങൾ കണ്ടു.
ആര് തെറ്റ് ചെയ്‌താലും രക്ഷപ്പെട്ടുകൂടാ എന്ന തരത്തിലാണ് അന്വേഷണം. അന്വേഷണത്തെ കുറിച്ച് യാതൊരു വിവരങ്ങളും മനസ്സിലാക്കാതെയാണ് ഉത്തരവാദിത്തസ്ഥാനത്ത് ഇരിക്കുന്ന ആൾ ഇത്തരത്തിൽ ഒരു പ്രസ്ഥാവന നടത്തിയിട്ടുള്ളത്. ഇത് അതീവ ഗൗരവമായി കാണേണ്ടതാണ്. നിയമപരമായ ഇടപെടൽ ഇത്തരം നിലപാടുകൾക്കെതിരെ ശക്തമായി ഉണ്ടാകുമെന്നും ഏത് നിലയിലുള്ള ആളായാലും ശക്തമായ നിലപാട് സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
ALSO READ:Minister Veena George On Kalamassery Blast: കളമശ്ശേരി സ്‌ഫോടനം: 'അവധിയിലുള്ള ആരോഗ്യ പ്രവർത്തകർ ഉടൻ തിരിച്ചെത്തണം': നിർദേശം നൽകി ആരോഗ്യമന്ത്രി
ആരോഗ്യമന്ത്രിയുടെ നിർദേശം:കളമശ്ശേരിയിലുണ്ടായ സ്‌ഫോടനത്തിൽ (Kalamassery Blast) അടിയന്തര ചികിത്സ ഒരുക്കാനും അവധിയിലുള്ളവരോട് അടിയന്തരമായി തിരിച്ചെത്താനും ആരോഗ്യമന്ത്രി വീണ ജോർജ് നിർദേശം നൽകി (Minister Veena George On Kalamassery Blast).
ആരോഗ്യ വകുപ്പ് ഡയറക്‌ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടര്‍ക്കുമാണ് ഇത് സംബന്ധിച്ച് നിർദേശം നൽകിയിരിക്കുന്നത്. അവധിയിലുള്ള മുഴുവന്‍ ഡോക്‌ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകരും അടിയന്തരമായി തിരിച്ചെത്തണമെന്നാണ് നിർദേശത്തിൽ പറയുന്നത്.