തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ വികസനം തടയാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാമ്പത്തികമായി സംസ്ഥാനത്തെ ശ്വാസം മുട്ടിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും ഇതിന്‍റെ ഭാഗമായാണ് കിഫ്ബി കടമെടുപ്പ് സംസ്ഥാനത്തിന്‍റെ പൊതുകടമായി കണക്കാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ഇതിലൂടെ സംസ്ഥാനത്തിന്‍റെ വായ്‌പ പരിധി വെട്ടികുറച്ചുവെന്നും കേരളത്തിന്‍റെ വികസനത്തെ തടയുക എന്ന ലക്ഷ്യത്തിലാണ് ഇത്തരം സമീപനം സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
കിഫ്‌ബിയിലൂടെ മാറ്റങ്ങള്‍: സംസ്ഥാനത്തിന്‍റെ വികസന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് കൃത്യമായ ദിശാബോധമുണ്ട്. അതനുസരിച്ചുള്ള പ്രവര്‍ത്തനമാണ് ഇടത് സര്‍ക്കാര്‍ നടപ്പാക്കുന്നത്. അടിസ്ഥാന സൗകര്യ വികസനത്തില്‍ കിഫ്ബിയിലൂടെ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാനായി.
ഇത്തരം വികസന പദ്ധതികളുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാറിന്‍റെ ലക്ഷ്യം. പല കാര്യങ്ങളിലും ബജറ്റിനെ മാത്രം ആശ്രയിച്ചാല്‍ ശരിയാകണമെന്നില്ല. അതിനുള്ള ബദലായാണ് കിഫ്ബിയെ കാണുന്നത്-മുഖ്യമന്ത്രി അറിയിച്ചു.
കിഫ്ബിയുടെ ഫലം നന്നായി സംസ്ഥാനത്തെ ജനങ്ങള്‍ അനുഭവിക്കുന്നുണ്ട്. അടിസ്ഥാന സൗകര്യങ്ങളില്‍ അത്ഭുതകരമായ മാറ്റം കൊണ്ടുവരാനായിട്ടുണ്ട്. പുതുതായി 993 പദ്ധതികള്‍ക്കായി 74,000 കോടിയുടെ അംഗീകാരമാണ് കിഫ്ബി നല്‍കിയിരിക്കുന്നത്. പദ്ധതി നിര്‍വഹണത്തിന്‍റെ വിവിധ ഘട്ടങ്ങളിലുള്ള 54,000 കോടിയുടെ 986 പദ്ധതികളില്‍ 6201 കോടിയുടെ പദ്ധതികളുടെ നിര്‍മാണം പൂര്‍ത്തിയാക്കി.
പൊതുവിദ്യാലയങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തും:ദേശീയ പാത വികസനത്തിന് ഭൂമിയേറ്റെടുക്കുന്നതിന് 6769 കോടിയുടെ പദ്ധതിക്കും പൊതുവിദ്യാലയങ്ങളുടെ സൗകര്യങ്ങള്‍ മെച്ചപെടുത്തുന്നതിന് 2780 കോടിയുടെ പദ്ധതിക്കും കിഫ്ബി അംഗീകാരം നല്‍കിയിട്ടുണ്ട്. 44,705 ഹൈടെക്ക് ക്ലാസ് മുറികളും 11,257 ഹൈടെക്ക് ലബോറട്ടറികളും കിഫ്ബി വഴി സജ്ജമാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
മൂന്ന് വ്യവസായ പാര്‍ക്കുകള്‍ക്കായി 13,988 കോടി രൂപ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിസിന്‍റെ ലിമിറ്റഡിന് ഭൂമിയേറ്റെടുക്കുന്നതിന് 200 കോടി രൂപയുടെ പദ്ധതിയും കിഫ്ബി വഴി നടപ്പാക്കുന്നുണ്ട്. പതിറ്റാണ്ടുകള്‍ക്ക് ശേഷം മാത്രം സ്വപ്‌നം കാണാന്‍ കഴിയുന്ന സ്വപ്‌നങ്ങളാണ് കിഫ്ബി വഴി നടപ്പാക്കുന്നത്. പരിമിതികളെല്ലാം മറികടന്ന് ശരിയായ ദിശാബോധത്തോടെ മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു.